നീറ്റ്: ഗ്രേസ് മാർക്കിൽ ആരോപണമുയർന്ന 1563 പേരുടെ ഫലം റദ്ദാക്കും; വീണ്ടും പരീക്ഷയെഴുതാം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കും. ഇവർക്ക് ഗ്രേസ് മാർക്കിനു മുൻപ് ലഭിച്ച യഥാർഥ മാർക്ക് സ്വീകരിക്കാം. പുനഃപരീക്ഷയ്ക്കുള്ള അവസരവും വിദ്യാർഥികൾക്കു നൽകും. പുനഃപരീക്ഷ വേണ്ടെന്നു വിദ്യാർഥികൾ തീരുമാനിച്ചാൽ മേയ് 5നു നടന്ന നീറ്റ്–യുജി പരീക്ഷയിൽ ലഭിച്ച യഥാർഥ മാർക്കിന്റെ അടിസ്ഥാനത്തിൽ ഇവരുടെ റാങ്ക് കണക്കാക്കും.
മരവിപ്പിച്ച റഷ്യൻ ആസ്തിയിൽനിന്ന് യുക്രെയ്ന് സഹായം; 5000 കോടി ഡോളർ നൽകാൻ ജി7 കൂട്ടായ്മ
നീറ്റ്–യുജിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിച്ചപ്പോഴാണു ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഉന്നതതല സമിതിയുടെ ശുപാർശകൾ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കാനു അഗർവാൾ സുപ്രീംകോടതിയെ അറിയിച്ചത്. പുനഃപരീക്ഷയുടെ നോട്ടിഫിക്കേഷൻ ഇന്നു തന്നെ പസിദ്ധീകരിക്കുമെന്നാണ് എൻടിഎ അറിയിച്ചിരിക്കുന്നത്. പുനഃപരീക്ഷ ജൂൺ 23നു നടക്കും. ഫലം ജൂൺ 30നു മുൻപു പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തിൽ ജൂലൈ 6നു നിശ്ചയിച്ചിരിക്കുന്ന കൗൺസിലിങ് നടപടികൾ തടസപ്പെടില്ലെന്നും എൻടിഎ കോടതിയെ അറിയിച്ചു.
മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തിയ ശേഷം വ്യത്യസ്ത മാർക്കുകൾ നൽകിയതിനാലാണു ചിലർക്കു 718, 719 മാർക്കു വീതം ലഭിച്ചതെന്നാണു എൻടിഎയുടെ വിശദീകരണം. പരാതി ഉയർന്ന ഹരിയാന സെന്ററിലെ 6 വിദ്യാർഥികൾക്ക് ഒന്നാം റാങ്കും ലഭിച്ചിരുന്നു. വിഷയം വിവാദമായതോടെയാണ് ഇതു പരിശോധിക്കാൻ എൻടിഎ സമിതിയെ നിയോഗിച്ചത്.