മുസ്‍ലിം വിദ്വേഷ സിനിമ ‘ഹമാരാ ബാരഹി’ന്റെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡെൽഹി : ഇസ്‌ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്ലീം സ്ത്രീകളെയും അവഹേളിക്കുന്ന അന്നു കപൂറിൻ്റെ ‘ഹമാരേ ബാരഹ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സുപ്രീം കോടതി നടപടി. സിനിമയുടെ ട്രെയിലറിൽ തന്നെ ആക്ഷേപകരമായ ഡയലോഗുകളാണ് ഉള്ളതെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ സ്റ്റേ ഉത്തരവ്.
നേരത്തെ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അസ്ഹർ ബാഷ തംബോലി നൽകിയ ഹരജിയിലാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. സിനിമയുടെ സർട്ടിഫിക്കേഷനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള ഹർജി തീർപ്പാക്കുന്നതുവരെ സിനിമയുടെ പ്രദർശനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ വേഗത്തിൽ തീരുമാനമെടുക്കാനും ബോംബെ ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി.
അതേസമയം, സിനിമയുടെ ടീസറിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങളെല്ലാം നീക്കം ചെയ്തതായി സിനിമാ നിർമ്മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്റ്റേ ഉത്തരവിൻ്റെ പേരിൽ നഷ്ടം സഹിക്കേണ്ടിവരുമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. “ഞങ്ങൾ ഇന്ന് രാവിലെ ടീസർ കണ്ടു, അതിൽ എല്ലാ സീനുകളും ഉണ്ട്. ടീസർ തന്നെ ഇത്രയും പ്രശ്നമാണെങ്കിൽ മുഴുവൻ സിനിമയുടെയും കാര്യം എന്താകും?” – കോടതി ചോദിച്ചു.
ഖുർആനിലെ ആയത്ത് തെറ്റായ അർഥത്തിൽ ഉദ്ധരിച്ച് മുസ്ലീം സ്ത്രീകൾക്ക് സമൂഹത്തിൽ വ്യക്തിയെന്ന നിലയിൽ സ്വതന്ത്രമായ അവകാശമില്ലെന്ന് സ്ഥാപിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് നേരത്തെ ഹൈക്കോടതിയിൽ പരാതിക്കാരൻ വാദിച്ചിരുന്നു. പരാതി പരിഗണിച്ച ബോംബെ ഹൈക്കോടതി ആദ്യ ഘട്ടത്തിൽ ജൂൺ 14 വരെ ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്ന് ചലച്ചിത്ര നിർമ്മാതാവിനെ വിലക്കിയിരുന്നു. ഇത് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം, സിനിമ കാണുന്നതിന് മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാളെങ്കിലും ഉൾപ്പെടുന്ന മൂന്നംഗ സമിതി രൂപീകരിക്കാനും സിബിഎഫ്‌സിക്ക് കോടതി നിർദേശം നൽകി.