അവന്‍ പൊറുക്കാനാകാത്ത തെറ്റുകള്‍ ചെയ്തു, ഫലം അനുഭവിച്ചു: സിദ്ദു മൂസെവാല വധക്കേസിലെ മുഖ്യപ്രതി

ന്യൂഡല്‍ഹി: 2022 മേയിലാണ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വാഹനം തടഞ്ഞുനിര്‍ത്തി സിദ്ദു മൂസെവാലയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മൂസെവാലെയുടെ എസ്‌യുവിയില്‍ നൂറോളം വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം മുഖ്യപ്രതിയായ ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ജീത് സിങ് മൂസെവാലയെ താനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയതിനെ കാരണം ബിബിസിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
“അവന്റെ അഹങ്കാരത്തില്‍ അവന്‍ ഒരിക്കലും പൊറുക്കാനാകാത്ത ചില തെറ്റുകള്‍ ചെയ്തു. അവനെ കൊല്ലുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. അവന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ അവന് അഭിമുഖീകരിക്കേണ്ടി വന്നു. ഒന്നുകില്‍ അവന്‍ അല്ലെങ്കില്‍ ഞങ്ങള്‍. അത്രയേയുള്ളൂ”, ബ്രാര്‍ പറഞ്ഞു. ലോറന്‍സ് ബിഷ്‌ണോയിയും മൂസെവാലയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ലോറന്‍സിനെ ‘സുഖിപ്പിക്കാന്‍’ ഗുഡ്‌മോണിങ്, ഗുഡ്‌നൈറ്റ് മെസേജുകള്‍ മൂസെവാല അയച്ചിരുന്നതായും ബ്രാര്‍ പറഞ്ഞു. നാട്ടിലെ കബഡി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് താനും മൂസെവാലയുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ബ്രാര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ശത്രുപക്ഷത്തുള്ളവരെ സാമ്പത്തികപരമായും രാഷ്ട്രീയപരമായും മൂസെവാല സഹായിച്ചതായും ബ്രാര്‍ പറഞ്ഞു. മൂസെവാല ചെയ്ത കുറ്റങ്ങള്‍ക്ക് നിയമം ശിക്ഷ നല്‍കണമെന്ന് തങ്ങള്‍ അപേക്ഷിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ലെന്നും ബ്രാര്‍ കൂട്ടിച്ചേര്‍ത്തു. നിയമം, നീതി തുടങ്ങിയവയൊന്നും നിലവിലില്ലെന്നും അധികാരം എല്ലാത്തിനുമുപരിയായി നിലനില്‍ക്കുന്നുവെന്നും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനിടയില്ലെന്നും ബ്രാര്‍ പറഞ്ഞു.
ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. കാനഡയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്രാര്‍ യുഎപിഎ നിയമപ്രകാരം ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ബ്രാറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിട്ടുണ്ട്. ജാമ്യമില്ല വാറണ്ടും ഇയാള്‍ക്കെതിരെയുണ്ട്.