വിമാനം അഗ്നിഗോളമായതോടെ താപനില 1000 ഡിഗ്രി സെൽഷ്യസിൽ, ലാവയ്ക്ക് സമാനം; രക്ഷപ്പെടൽ അസാധ്യമാക്കി

അഹമ്മദാബാദ്: അപകടത്തിൽ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അഗ്നിഗോളമുയർന്നതോടെ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. അനിതരസാധാരണമായി താപനില ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് നിമിഷനേരം കൊണ്ട് വലിയ തീഗോളം അന്തരീക്ഷത്തിൽ ഉയർന്നു. ഇതോടെ ഈ സ്ഥലത്തെ താപനില 1000 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ചെന്നും ഇത് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അഗ്നിപര്‍വ്വതങ്ങളിലെ ലാവ സാധാരണയായി 1140 മുതല്‍ 1170 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍വരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് പുറത്തുവരുന്ന വിവരം.
ഇതുപോലൊരു സാഹചര്യം നേരിടേണ്ടതായി വന്നിട്ടില്ലെന്നാണ് ഒരു എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പിപിഇ കിറ്റുകളുമായാണ് ഞങ്ങള്‍ വന്നത്. പക്ഷേ, താപനില വളരെയധികം ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാക്കി. എല്ലായിടത്തും അവശിഷ്ടങ്ങളായിരുന്നു. തിളച്ചുമറിയുന്നുണ്ടായിരുന്ന ഈ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ക്ക് നീക്കേണ്ടതായി വന്നു, അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ 1.25 ലക്ഷം ലിറ്ററോളം ഇന്ധനം ഉണ്ടായിരുന്നതായും ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും സംഭവസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു. ആളിക്കത്തിയ തീ താപനില അനിയന്ത്രിതമായി ഉയര്‍ത്തിയത് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു. അപകടത്തെ അതിജീവിച്ച ഏക വ്യക്തിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.
രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചു. വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും സമീപവാസികളും ഉള്‍പ്പെടുന്നു.