KSDLIVENEWS

Real news for everyone

പുഴയിൽ വേണ്ട ‘കോഴിക്കൃഷി’; പുഴയിൽ കോഴിമാലിന്യം തള്ളിയ കടയുടമയ്ക്ക് 10,000 രൂപ പിഴ

SHARE THIS ON

തൃക്കരിപ്പൂർ: കോഴിമാലിന്യം രണ്ടു തവണ പുഴയോരത്തേക്ക് വലിച്ചെറിഞ്ഞ കടയുടമയ്ക്ക് 10,000 രൂപ പിഴ. മാലിന്യം തള്ളുന്നത് പകർത്തി ബന്ധപ്പെട്ടവർക്ക് കൈമാറിയ വ്യക്തിക്ക് 2500 രൂപ പാരിതോഷികവും ലഭിച്ചു. കടലോര പഞ്ചായത്തായ വലിയപറമ്പിലാണു സംഭവം. മാവിലാക്കടപ്പുറം പന്ത്രണ്ടിൽ പള്ളിക്കു സമീപം പുഴയോരത്താണ് കോഴിയുടെ മാലിന്യങ്ങൾ കടയുടമ തള്ളിയത്. വീട്ടുപരിസരത്ത് നിന്നു അറുത്തെടുത്ത ശേഷം മാലിന്യങ്ങൾ 2 തവണകളായി തള്ളുകയായിരുന്നു. ഈ നേരം പുഴയോരത്ത് ഉണ്ടായിരുന്ന വ്യക്തി, മാലിന്യം തള്ളുന്നതിന്റെ ഫോട്ടോ പകർത്തി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.

മാലിന്യം വലിച്ചെറിയുന്നതിന്റെ വിശദമായ വിവരം ലഭിച്ചതിനെ തുടർന്നു കടയുടമയിൽ നിന്നു പഞ്ചായത്ത് അധികൃതർ 10,000 രൂപ പിഴ ഈടാക്കി. പടം പിടിച്ച ആൾക്കുള്ള പാരിതോഷികവും കൈമാറി. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നു പിഴ ഈടാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ ജില്ലയിലെ ആദ്യത്തെ പിഴയും പാരിതോഷിക കൈമാറ്റവുമാണു വലിയപറമ്പിൽ നടത്തിയതെന്നു ഭരണസമിതി അറിയിച്ചു.കടൽത്തീരങ്ങളിലും പുഴയോരത്തും മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!