KSDLIVENEWS

Real news for everyone

പ്ലസ് വൺ: മലബാറിലെ 65,000 വിദ്യാർഥികൾക്കും അഭയം താൽക്കാലിക സീറ്റുകൾ

SHARE THIS ON

തിരുവനന്തപുരം: പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 65,000ത്തോളം വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പഠനത്തിന് ആശ്രയം താൽക്കാലിക സീറ്റുകൾ. മലബാറിലെ മൊത്തം പ്ലസ് വൺ അപേക്ഷകരിൽ 27 ശതമാനം വിദ്യാർഥികൾക്കും പഠനസൗകര്യം താൽക്കാലികാടിസ്ഥാനത്തിലാണെന്ന് ചുരുക്കം. ഹയർ സെക്കൻഡറി ബാച്ചുകളിൽ അനുവദനീയമായ 50 സീറ്റുകളിൽ 30 ശതമാനം വർധനവ് വഴിയും 316 താൽക്കാലിക ബാച്ചുകൾ വഴിയുമാണ് ഇത്രയധികം സീറ്റുകൾ താൽക്കാലികമായി സൃഷ്ടിച്ചത്. കഴിഞ്ഞദിവസം 138 താൽക്കാലിക ബാച്ചുകൾകൂടി അനുവദിച്ചതോടെയാണ് മലബാറിലെ നല്ലൊരു ശതമാനം കുട്ടികളും താൽക്കാലിക സീറ്റിൽ അഭയംതേടുന്നത്.


സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയിൽ മാത്രം 27,000ത്തിലധികം വിദ്യാർഥികൾക്കും താൽക്കാലിക സീറ്റാണുള്ളത്. ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാണ് താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതെങ്കിൽ നിലവിലെ ബാച്ചുകളിൽ 65 വരെ കുട്ടികളെ കുത്തിനിറച്ചാണ് താൽക്കാലിക സീറ്റ് വർധന നടപ്പാക്കുന്നത്.

2021 മുതലാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചുതുടങ്ങിയത്. പ്ലസ് വൺ സീറ്റുകൾക്ക് ഡിമാന്‍റ് വർധിച്ചിട്ടും താൽക്കാലിക സീറ്റുകളിൽ ചേർന്ന് പഠിക്കേണ്ട സാഹചര്യമാണ് മലബാറിലെ വിദ്യാർഥികൾക്ക്. സീറ്റ് വർധിപ്പിച്ചും താൽക്കാലിക ബാച്ച് വഴിയുമുള്ള ഹയർ സെക്കൻഡറി പഠനം വിദ്യാർഥികളുടെ അധ്യയന നിലവാരത്തെ ബാധിക്കുമെന്നിരിക്കെയാണ് തുടർച്ചയായ നാലാംവർഷവും മലബാറിൽ ‘താൽക്കാലിക വിദ്യ’യിൽ ഹയർ സെക്കൻഡറി സീറ്റൊരുക്കുന്നത്.
നിലവിലെ താൽക്കാലിക ബാച്ചുകളിൽ മൂന്നുവർഷം പൂർത്തിയായവ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ തലത്തിൽ പരിശോധന നടത്തിയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നേരത്തെ അനുവദിച്ച 178 താൽക്കാലിക ബാച്ചുകൾക്ക് പുറമെ മലപ്പുറം, കാസർകോട് ജില്ലകളിലായി ഈ വർഷം 138 താൽക്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ തീരുമാനിച്ചു.

ഇതോടെയാണ് താൽക്കാലിക ബാച്ചുകളുടെ എണ്ണം 316 ആയത്. ഈ വർഷം മലബാറിലെ ആറ് ജില്ലകളിലെ 2,45,976 പ്ലസ് വൺ അപേക്ഷകർക്കായി സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 1,40,605 സ്ഥിരം സീറ്റാണ്. സീറ്റ് ക്ഷാമം മറികടക്കാനാണ് 65,000ത്തോളം താൽക്കാലിക സീറ്റുകൾ വർധിപ്പിച്ചത്. ഈ ജില്ലകളിലെ അപേക്ഷരുടെ എണ്ണം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ പക്കൽ കൃത്യമായ കണക്കുണ്ടെങ്കിലും സ്ഥിരം ബാച്ചുകൾ അനുവദിക്കാൻ തയാറാകുന്നില്ല.

error: Content is protected !!