ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു; വീണുടഞ്ഞപ്പോള്‍ ചിതറിയത് സ്വര്‍ണം; കണ്ണൂരിൽ മഴക്കുഴി കുഴിച്ചപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധി ലഭിച്ചു

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ ലഭിച്ചത് നിധികുംഭം. ബോംബെന്ന് കരുതി വലിച്ചെറിഞ്ഞെങ്കിലും നിധിയെന്ന് തിരിച്ചറിഞ്ഞതോടെ തൊഴിലുറപ്പുതൊഴിലാളികള് ചെയ്തത് മാതൃകാപരമായ പ്രവര്‍ത്തി. കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്കൂളിനടുത്തു സ്വകാര്യ ഭൂമിയിൽ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികൾക്ക് നിധി ലഭിച്ചത്. ആദ്യം ബോംബെന്നു കരുതി പേടിച്ച് അവർ ആ പാത്രം വലിച്ചെറിഞ്ഞു. പക്ഷേ, ഏറിൽ പാത്രം പൊട്ടിയപ്പോൾ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് നിധികുംഭത്തില്‍ ഉണ്ടായിരുന്നത്. കിട്ടിയ നിധി എന്തു ചെയ്യണമെന്നതിലും തൊഴിലുറപ്പു തൊഴിലാളികളായ അവർക്ക് നിശ്ചയമുണ്ടായിരുന്നു. പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി.
ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച നിലയിലും ജില്ലയിൽ ബോംബുകൾ കണ്ടെത്തുന്ന വാര്‍ത്തകള്‍ പലപ്പോഴും വരാറുള്ളതുകൊണ്ട് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പാത്രവും ആദ്യം ബോംബാണെന്നാണു കരുതിയത്. നിധിയാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർ ചെങ്ങളായി പഞ്ചായത്ത് ഓഫിസിൽ വിവരമറിയിക്കുകയും പൊലീസെത്തി ഏറ്റുവാങ്ങുകയും ചെയ്തു. പൊലീസ് നിധി തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി എസ്ഐ എം.പി.ഷിജു പറഞ്ഞു. നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരുന്ന പാത്രത്തിന്. ഇത്തരം ഭണ്ഡാരങ്ങളിൽ ആഭരണങ്ങളും പണവും സൂക്ഷിക്കാറുണ്ട്. മോഷ്ടിക്കപ്പെടാതിരിക്കാൻ പഴമക്കാർ ഒളിപ്പിക്കാനും സാധ്യതകളേറെയാണ്. സ്വർണം പൂശിയതാണോയെന്നും വ്യക്തമല്ല.

