KSDLIVENEWS

Real news for everyone

ജയിലിനുള്ളിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സമായി നിയമക്കുരുക്ക്; ഇടപെട്ട് ഇന്ത്യൻ എംബസി

SHARE THIS ON

ദമാം: രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികൾ പൂർത്തീകരിച്ചാണ് സൗദിയിൽ ജയിലിനുള്ളിൽ മരിച്ച ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്ക്കരിച്ചത്. ഹഫർ അൽ ബത്തിനിൽ മരിച്ച തൃച്ചി സ്വദേശി രാജേന്ദ്രന്റെ (54) മൃതദേഹമാണ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.ജയിലിനുള്ളിൽ സംഭവിച്ച മരണം ആയതിനാൽ നിയമക്കുരുക്കിൽ കുടുങ്ങി മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 

തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിലെ സാമൂഹിക പ്രവർത്തകരാണ് ഒ.ഐ.സി. സി ഹഫർ അൽ ബാഥ്വിൻ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതിനു പുറമെ മരിച്ച രാജേന്ദ്രന്‍റെ കുടുംബം ഇന്ത്യൻ എംബസിയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ കൊടുക്കുകയും ചെയ്‌തു. തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ നിയമ നടപടികൾ പൂർത്തിയാക്കുവാൻ ഹഫർ അൽ ബത്തീൻ ഒ.ഐ.സി.സി പ്രസിഡന്‍റ് വിബിൻ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തുകയായിരുന്നു.

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിൻ മറ്റത്ത്, ജിതേഷ് തെരുവത്ത്, മുഹമ്മദ് റാഫി പരുതൂർ, രതീഷ് ചിറക്കൽ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പെട്ടന്ന് പൂർത്തിയായത്. ദമാമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

error: Content is protected !!