‘കോവിഡ് വ്യാപനം കൂടുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ല’; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ലെന്ന് ആരോഗ്യമന്ത്രി. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് കോവിഡ് രണ്ടാം തരംഗം തന്നെയാണ്. മൂന്നാം തരംഗത്തിന്റെ തുടക്കമായിട്ടില്ലെന്നാണ് വിദഗ്ധ അഭിപ്രായം.
കോവിഡ് വൈറസിന്റെ പുതിയ ജനിതകമാറ്റം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള വൈറസിന്റെ വ്യാപനം കൂടുതലായി കണ്ടെത്തിയാല്‍ മാത്രമേ മൂന്നാം തരംഗമായി കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. നിലവില്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണ്.ഈ ഘട്ടത്തില്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. തുടര്‍ ചികിത്സ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

