KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി മൗനം വെടിയണം; സഭയ്ക്ക് പുറത്ത് ‘അഴിമതി വിരുദ്ധ മതില്‍’ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം

SHARE THIS ON

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിപക്ഷ പ്രതിഷേധം. ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിഷേധിച്ചത്.

ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചുവെന്നും ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വിഡി സതീശൻ ആരോപിച്ചു.


ഡോളർക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതൽ മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ പറഞ്ഞിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്കരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പരിഹസിച്ചു.


ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്. ഡോളർക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നൽകിയ മൊഴി ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികൾ പൂർണമായും ബഹിഷ്കരിച്ചിരുന്നു. സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേർന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!