ദേശീയപാത അഴിമതി: രൂപരേഖ മുതൽ പിഴവുകൾ; ചെലവുകുറക്കാനുള്ള കുറുക്കുവഴി അനുവദിക്കരുത്: പാർലമെന്റിൽ പി.എ.സി

ന്യൂഡല്‍ഹി: കേരളത്തില്‍ ദേശീയപാത വ്യാപകമായി തകര്‍ന്നതിനുപിന്നില്‍ രൂപരേഖ (ഡിപിആര്‍) ഘട്ടംമുതലുള്ള പിഴവുകളെന്ന് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി). ദേശീയപാതാ രൂപരേഖയുണ്ടാക്കുന്നതിലും മണ്ണിനനുസൃതമായ നിര്‍മാണം പിന്തുടരുന്നതിലും ദേശീയപാത അതോറിറ്റിക്ക് (എന്‍എച്ച്എഐ) വീഴ്ചപറ്റിയെന്ന് പിഎസി ലോക്‌സഭയില്‍വെച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഓഡിറ്റ് നടത്തുന്നതിന് സിഎജിയോടും ആവശ്യപ്പെട്ടു.
കരാറുകാരനും ഉപകരാറുകാരനും ചെലവുകുറയ്ക്കാനുള്ള കുറുക്കുവഴിയുണ്ടാക്കാന്‍ അതോറിറ്റി അനുവദിക്കരുതെന്നും കെ.സി. വേണുഗോപാല്‍ ചെയര്‍മാനായ സമിതി നിര്‍ദേശിച്ചു.
വലിയ അഴിമതി
കേരളത്തിലെ ദേശീയപാത ഉപകരാറുകളില്‍ വലിയ അഴിമതിയും പക്ഷപാതവും നടക്കുന്നു. ഉപകരാര്‍ ആര്‍ക്കാണ് നല്‍കുന്നതെന്നറിയില്ല. ഉപകരാറുകാരനും കരാര്‍ നല്‍കുന്നു. ആരാണ് കരാര്‍ ഏറ്റെടുത്തതെന്നും അറിയുന്നില്ല. 2000 കോടിയുടെ പദ്ധതി ചിലയിടത്ത് 700 കോടി രൂപയ്ക്ക് ഉപകരാര്‍ നല്‍കിയിരിക്കയാണ്
-കെ.സി. വേണുഗോപാൽ, പിഎസി അധ്യക്ഷൻ
കൂരിയാട്ടുണ്ടായത് വീഴ്ച
മലപ്പുറം കൂരിയാട്ടെ ദേശീയപാത തകര്‍ന്നതിലും പൊതുജനങ്ങളുടെ ജീവന് ഭീഷണിയായതിലും കരാറുകാരനും എന്‍ജിനിയര്‍ക്കും വീഴ്ച സംഭവിച്ചതായി ദേശീയപാത അതോറിറ്റി പിഎസിയോട് സമ്മതിച്ചു. മണ്ണിന്റെ സ്വഭാവവും വെള്ളമൊഴുക്കും വിലയിരുത്തുന്നതിലുണ്ടായ പാളിച്ചയാണ് തകര്‍ച്ചയുണ്ടാക്കിയതെന്നാണ് എന്‍എച്ച്എഐയുടെ കുറ്റസമ്മതം.
കരാറുകാരന്റെയും എന്‍ജിനിയറുടെയും വീഴ്ചയെന്ന വാദം നിരത്തിയാലും എന്‍എച്ച്എഐക്ക് മോശം പ്രതിച്ഛായയുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്താനും ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും പിഎസി ശുപാര്‍ശ ചെയ്തു.