KSDLIVENEWS

Real news for everyone

കൊന്നുകളയും ഞാൻ: ഇന്ത്യന്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി കനേഡിയൻ യുവാക്കൾ

SHARE THIS ON

ഒന്റാറിയോ: കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ഒരുകൂട്ടം കനേഡിയന്‍ യുവാക്കള്‍. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റര്‍ബറോയില്‍ വെച്ചായിരുന്നു സംഭവം. യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജൂലായ് 29-ന് നടന്ന ഈ സംഭവം രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഒരു പിക്കപ്പ് ട്രക്കിലിരുന്ന് മൂന്ന് യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അസഭ്യവര്‍ഷവും നടത്തുന്നതാണ് വീഡിയോയില്‍ കാണാനാവുക. യുവാക്കളുടെ സംസാരത്തില്‍ കടുത്ത വിദ്വേഷം പ്രകടമാണ്. ഇന്ത്യന്‍ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെയാണ് യുവാക്കളിലൊരാള്‍ വധഭീഷണി മുഴക്കിയത്.

‘ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?’ എന്നാണ് യുവാവ് ആക്രോശിക്കുന്നത്. അധിക്ഷേപത്തിന് ഇരയായ വ്യക്തി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വലിയതോതില്‍ പ്രചരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കവര്‍ത്ത ലേക്‌സ് സിറ്റിയില്‍ നിന്നുള്ള 18 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി പീറ്റര്‍ബറോ പോലീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തില്‍ വിട്ടയച്ച പ്രതി സെപ്റ്റംബര്‍ 16-ന് കോടതിയില്‍ ഹാജരാകുമെന്നും പോലീസ് അറിയിച്ചു. ‘ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ, മറ്റേതൊരു സമൂഹത്തിലോ അംഗീകരിക്കാനാവില്ലെന്ന് ആ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു,’ പീറ്റര്‍ബറോ പോലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.

‘ഇത് നമ്മുടെ നഗരത്തില്‍ അംഗീകരിക്കാനാവുന്ന പെരുമാറ്റമല്ല എന്നത് വ്യക്തമാണ്. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന വിദ്വേഷപരമായ സംഭവങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരാന്‍ ഞങ്ങള്‍ ഇവിടുത്തെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആവശ്യമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കാനും ഇത്തരം കാര്യങ്ങള്‍ പോലീസിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു സമൂഹം ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!