KSDLIVENEWS

Real news for everyone

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്, അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും; ബന്ധം മെച്ചപ്പെടുന്നു

SHARE THIS ON

ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉച്ചകോടിയില്‍ ചേരും.

റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെപേരില്‍ യുഎസുമായുള്ള ബന്ധം ഉലയുന്നതിനിടെ റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നത് ഉറ്റുനോക്കുകയാണ് ലോകം. പുതിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ആഴ്ച റഷ്യ സന്ദര്‍ശിച്ച അജിത് ഡോവല്‍ പുതിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെര്‍ഗെയി ഷൊയിഗുവുമായും ഡോവല്‍ ചര്‍ച്ചനടത്തി. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിന്റെ സന്ദര്‍ശനമെന്ന് അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേതാക്കള്‍ ചര്‍ച്ചനടത്തി.

ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്ന സൂചനകളാണ് ലഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ 2024-2025 സാമ്പത്തിക വര്‍ഷം 57 ലക്ഷം ടണ്‍ യൂറിയയാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20% കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായത്. ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24ല്‍ 18.7 ലക്ഷം ടണ്‍ യൂറിയയാണ് ചൈനയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തിലാവട്ടെ, ഇത് ഒരു ലക്ഷം ടണ്‍ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്.

ചൈനീസ് പൗരന്മാര്‍ക്ക് വിനോദസഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ചൈനയിലേക്ക് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ വ്യോമയാന കമ്പനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിന്റെ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിര്‍ത്തിവെച്ചത്. പിന്നാലെ 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകര്‍ച്ചയും കാരണം ഇതു തുടര്‍ന്നു.

ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം 2024 ഒക്ടോബറില്‍ മുമ്പ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില മേഖലകളില്‍ ഇനിയും ഇത് പൂര്‍ത്തിയാകാനുണ്ട്. ഈ സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019-ന് ശേഷം ആദ്യമായാണ് മോദി ചൈനയിലേക്ക് പോകുന്നതെന്നതും പ്രത്യേകതയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്ന സൂചനകള്‍ അടുത്തിടെ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!