KSDLIVENEWS

Real news for everyone

‘മരിച്ച’ വോട്ടർമാരുമായി ഒരു ചായകുടി: ഇത് പുതിയ അനുഭവം; തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് രാഹുൽ

SHARE THIS ON

ന്യൂഡല്‍ഹി: പ്രത്യേക തീവ്ര പുനഃപരിശോധനയെ (എസ്‌ഐആര്‍) തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.

മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്. ‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,’ എന്നാണ് ഇവരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ എക്സില്‍ കുറിച്ചത്.

എസ്‌ഐആറിന് ആവശ്യമായ രേഖകളെല്ലാം ഇവര്‍ സമര്‍പ്പിച്ചിരുന്നുവെന്നും എന്നിട്ടും ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്നും യാദവ് പറഞ്ഞു. പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിന് കൃത്യമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നില്ലെന്നും യാദവ് രാഹുലിനോട് പറഞ്ഞു. ഇതിന് രാഹുല്‍ നല്‍കുന്ന മറുപടിയും വീഡിയോയില്‍ കേള്‍ക്കാം. ‘വിവരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വിവരം നല്‍കിക്കഴിഞ്ഞാല്‍, കളി തീര്‍ന്നു,’ രാഹുല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!