നൊബേല്‍സമ്മാനം: ട്രംപിന്റെ സമ്മര്‍ദത്തില്‍ കുലുങ്ങില്ലെന്ന് നൊബേല്‍ കമ്മിറ്റി

ഒസ്‌ലോ: സമാധാനത്തിനുള്ള നൊബേൽസമ്മാനം വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദത്തിൽ കുലുങ്ങില്ലെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വാർത്താ ഏജൻസിയായ ‘എഎഫ്‌പി’ യോടുപറഞ്ഞു. ആറു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും അതിനാൽ നൊബേലിന് അർഹനാണെന്നുമാണ് ട്രംപ് ആവർത്തിച്ചുപറയുന്നത്.
“ചില പ്രത്യേക സ്ഥാനാർഥികൾക്കുകിട്ടുന്ന മാധ്യമശ്രദ്ധ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അത് കമ്മിറ്റിയുടെ ചർച്ചകളെ സ്വാധീനിക്കില്ല. നാമനിർദേശം ലഭിക്കുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളാണ് കമ്മിറ്റി പരിഗണിക്കുന്നത്” -സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്‌വികെൻ പറഞ്ഞു.
ഒക്ടോബർ പത്തിനാണ് സമാധാന നൊബേൽ പ്രഖ്യാപിക്കുന്നത്.
ഇറക്കുമതിത്തീരുവയെക്കുറിച്ച് ജൂലായ് അവസാനം നോർവേ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടെൻബെർഗുമായി ഫോണിൽ സംസാരിച്ചവേളയിൽ നൊബേൽ സമ്മാനമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചെന്ന് നോർവീജിയൻ പത്രം റിപ്പോർട്ടുചെയ്തിരുന്നു.