ഖത്തറിനെ അനുനയിപ്പിക്കാൻ ട്രംപ്: ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴവിരുന്ന് ഒരുക്കും; ഇസ്രയേൽ സന്ദർശിക്കാൻ റൂബിയോ

വാഷിങ്ടൻ: ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം കഴിഞ്ഞ് ദിവസങ്ങൾക്കകം ഖത്തറിനെ അനുനയിപ്പിക്കാൻ യുഎസ് നീക്കം. യുഎസ് സന്ദർശനത്തിനെത്തിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറ ഹ്മാൻ അൽതാനി വൈറ്റ് ഹൗസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും അൽതാനി കൂടിക്കാഴ്ച നടത്തി. ഖത്തർ പ്രധാനമന്ത്രിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അത്താഴവിരുന്ന് നൽകുമെന്ന് വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തി. ചർച്ചകളിൽ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കും. ചൊവ്വാഴ്ച ഖത്തറിൽ സംഭവിച്ചതുപോലെയുള്ള ആക്രമണങ്ങൾ ഇനി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ ഇസ്രയേൽ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം രണ്ട് വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകൾ ഇസ്രയേൽ അട്ടിമറിക്കാൻ ശ്രമിച്ചതായി ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എങ്കിലും മധ്യസ്ഥ ശ്രമങ്ങളിൽനിന്നും ഖത്തർ പിന്തിരിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിൽ ആക്രമണം നടത്തി ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ വധിക്കാനാണ് ചൊവ്വാഴ്ച ഇസ്രയേൽ ശ്രമിച്ചത്. എന്നാൽ ലക്ഷ്യം നിറവേറ്റാൻ ഇസ്രയേലിനായില്ല. ഒപ്പം സംഘർഷം ഗൾഫിലേക്കും വ്യാപിക്കാനും സാധ്യത തുറന്നു. ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസ് പ്രസിഡന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.