KSDLIVENEWS

Real news for everyone

ചന്ദ്രിക കള്ളപ്പണക്കേസ്: എം.കെ. മുനീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു

SHARE THIS ON

കൊച്ചി : ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ എം.കെ. മുനീർ എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്തു. ചൊവ്വാഴ്ചയാണ് ചോദ്യംചെയ്യൽ നടന്നത്. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിലായിരുന്നു ചോദ്യംചെയ്തത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തതിന് പിന്നാലെയാണ് മുനീറിനെയും ചോദ്യംചെയ്തിരിക്കുന്നത്.

‘ചന്ദ്രിക’യുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് കൂടുതൽ വിശദീകരണം മുനീറിൽനിന്ന് ആവശ്യപ്പെട്ടത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ എം.എൽ.എ. ഉൾപ്പെടെയുള്ളവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. ജലീൽ ചില ആരോപണങ്ങളും എൻഫോഴ്സ്മെന്റിന് മുന്നിൽ നിരത്തിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിശദീകരണമാണ് നേരത്തെ കുഞ്ഞാലിക്കുട്ടിയിൽനിന്ന് ആരാഞ്ഞിരുന്നത്. അതിന്റെ തുടർച്ചയായാണ് എം.കെ. മുനീറിൽനിന്ന് കൂടുതൽ വിവരങ്ങൾ ഇ.ഡി. ചോദിച്ചറിഞ്ഞത്.


കേസുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ കൊച്ചിയിലെത്തിയ മുനീറിൽനിന്ന് മണിക്കൂറുകളോളം എൻഫോഴ്സ്മെന്റ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനു ശേഷം അദ്ദേഹം നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് പോയി.

‘ചന്ദ്രിക’ ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഇതുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് അംഗങ്ങൾ എന്നിവരിലേക്ക് അന്വേഷണം നീളുന്നുണ്ട്. വിശദമായ പരിശോധനയാണ് വിഷയത്തിൽ ഇ.ഡി. നടത്തുന്നത്. നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചിയിലെ അക്കൗണ്ടിൽ ഏകദേശം പത്തുകോടിയുടെ കള്ളപ്പണം എത്തിയെന്നാണ് ആരോപണം. ഇത് പി.കെ. ഇബ്രാഹിംകുഞ്ഞിന് പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണം ആണെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ സമയത്തെ ചന്ദ്രിക ദിനപത്രത്തിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ് ഇ.ഡി. ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽനിന്നും വിവരങ്ങൾ ആരായാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയെയും മുനീറിനെയും ചോദ്യംചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!