ഭക്ഷണവും വെള്ളവുമില്ല, ആരോഗ്യകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു; ഗാസയിലെ ജനജീവിതം പേക്കിനാവെന്ന് യു.എൻ

ജറുസലേം: ‘വൈദ്യുതി നിലച്ചിരിക്കുന്നു, ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ആംരംഭിച്ചുകഴിഞ്ഞു, മൂന്ന് ലക്ഷത്തിലേറെ പേര്‍ പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു, ആയിരത്തിലേറെ പേര്‍ക്ക് ജീവഹാനിയും- ഹമാസിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗാസ മുനമ്പിലെ ജനജീവിതം പേക്കിനാവാക്കി മാറ്റിയിരിക്കുന്നു..’ ഗാസയിലെ ദയനീയ സ്ഥിതിയേക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍)യുടെ ഒക്ടോബർ 12-ലെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നതിങ്ങനെ. ‘യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് നിയര്‍ ഈസ്റ്റ്’ (യു.എൻ.ആർ.ഡബ്ല്യു.എ) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് സംഘർഷം ഇരുപത് ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്‍റെ ആക്രമണം ജനസാന്ദ്രതയേറിയ ഇടങ്ങളിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഗാസയില്‍ ഏകദേശം 1,100-ൽ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടിലെ കണക്ക്. ഇതില്‍ 171 സ്ത്രീകളും 326 കുട്ടികളും ഉള്‍പ്പെടുന്നു. അയ്യായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. യുഎന്നിന്റെ 12 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. യു.എൻ.ആർ.ഡബ്ല്യു.എയുടെ സ്‌കൂളുകളിലെ അഞ്ച് അധ്യാപകര്‍, ഒരു ഗൈനക്കോളജിസ്റ്റ്, ഒരു എന്‍ജിനീയര്‍, ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലര്‍, മൂന്ന് സപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ചിലര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലാണ് ഇസ്രയേല്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയത്. സാധാരണ ജനങ്ങള്‍ പാര്‍ക്കുന്ന കെട്ടിടങ്ങള്‍ പലതും റോക്കറ്റാക്രമണങ്ങളില്‍ തകര്‍ന്നു. ഈ കെട്ടിടങ്ങള്‍ ഹമാസിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

