ദേശീയപാത വികസനം; ഭൂമി ഏറ്റെടുത്ത തുക കേന്ദ്രത്തോട് ചോദിച്ച് കേരളം

തിരുവനന്തപുരം: ദേശീയപാതാവികസനത്തിന്റെ ബാധ്യതയുടെപേരിൽ കേന്ദ്രസർക്കാരുമായി കേരളം ഉടക്കുന്നു. കേന്ദ്രനിബന്ധന അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാൻ തയ്യാറായെങ്കിലും അതു ബാധ്യത സൃഷ്ടിച്ചെന്നാണ് സംസ്ഥാനത്തിന്റെ പരാതി.
ഭൂമി ഏറ്റെടുക്കലിന് 6769 കോടി വകയിരുത്തിയതിൽ 5580 കോടി ചെലവഴിച്ചുകഴിഞ്ഞു. ദേശീയപാതാ അതോറിറ്റിക്കു കൈമാറിയ തുക പൊതുകടത്തിൽ ഉൾപ്പെടുത്തിയതിനാൽ ചെലവഴിച്ച തുക കേന്ദ്രത്തോട് തിരിച്ചുചോദിക്കുകയാണ് കേരളം.
വായ്പയെടുത്താണ് 25 ശതമാനം തുക സംസ്ഥാനം കേന്ദ്രത്തിനു നൽകിയത്. ഈ ബാധ്യതയ്ക്കുപുറമെ, പദ്ധതിച്ചെലവ് കിഫ്ബി വഴിയായതിനാൽ ഈ തുക സംസ്ഥാനത്തിന്റെ പൊതുകടപരിധിയിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വാദം. പൊതുകടത്തിൽ അത്രയും തുക കുറച്ചുമാത്രമേ കേരളത്തിനു വായ്പയെടുക്കാനാവൂ.
ഫലത്തിൽ, ദേശീയപാതാവികസനം വഴി 13,000 കോടിയിലേറെ രൂപയുടെ ബാധ്യതയായെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, ഒന്നുകിൽ കേന്ദ്രം കൂടുതൽ കടമെടുക്കാൻ അനുവദിക്കുക, അല്ലെങ്കിൽ 25 ശതമാനം തുക തിരിച്ചുതരണമെന്നാണ് ആവശ്യം.
കേന്ദ്രം നൽകാമെന്നേറ്റ ഇളവ് ഇനിയുമായില്ല
ഇനിയുള്ള ദേശീയപാതാവികസനത്തിൽ ഇളവ് നൽകാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വാഗ്ദാനം ചെയ്തിരുന്നു. സ്ഥലമെടുപ്പിന് പണം നൽകേണ്ടെന്നും പകരം മണ്ണിന്റെയും കല്ലിന്റെയും റോയൽറ്റിയും നിർമാണവസ്തുക്കളുടെ ജി.എസ്.ടി.യും സംസ്ഥാനം ഒഴിവാക്കണമെന്നുമാണ് ധാരണ. പ്രതിസന്ധിയുള്ളതിനാൽ കേരളം വിജ്ഞാപനമിറക്കിയിട്ടില്ല.
കേന്ദ്രം ശ്വാസം മുട്ടിക്കുന്നു -മന്ത്രി
ദേശീയപാതയ്ക്ക് ചെലവഴിച്ച തുകയും കടപരിധിയിൽ ഉൾപ്പെടുത്തി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. ചെലവഴിച്ച പണം തിരിച്ചുനൽകുകയാണ് സാധാരണരീതിയിൽ വേണ്ടത്. പ്രശ്നങ്ങൾ കേന്ദ്രധനമന്ത്രിയോടു വിശദീകരിച്ചെന്നും മന്ത്രി പറഞ്ഞു.

