ഇന്ന് സമാധാന ഉച്ചകോടി: ട്രംപും സിസിയും അധ്യക്ഷത വഹിക്കും; മോദിക്ക് ക്ഷണം

ഗാസാ സിറ്റി: ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഉച്ചകോടി തിങ്കളാഴ്ച ഈജിപ്തിലെ കയ്‌റോയിലുള്ള ഷരം അൽ ശൈഖിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്‌ദേൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിലാകും ഉച്ചകോടി. 20 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. ഉച്ചകോടിക്ക് മുൻപുതന്നെ ബന്ദിമോചനമുണ്ടാകുമെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാർപ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദിമോചനത്തിന് സമയം നൽകിയത്. 47 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതിൽ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് ഞായറാഴ്ച പുറപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് എൽ-സിസിയും ചേർന്ന് അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും
അതിനിടെ, ഈജിപ്തിലെ ഷരം അൽ ഷെയ്ഖിൽ നടന്ന കാറപകടത്തിൽ മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥർ മരിച്ചെന്നും രണ്ടുപേർക്ക് പരിക്കേറ്റെന്നും ഖത്തർ ഞായറാഴ്ച പറഞ്ഞു.
മോദിക്ക് ക്ഷണം; കീർത്തിവർധൻ സിങ് പങ്കെടുക്കും
ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയിൽനിന്നാണ് മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചത്. മോദി പങ്കെടുക്കില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

