ഫലസ്തീൻ മാധ്യമപ്രവര്‍ത്തകനും ജനപ്രിയ വ്ലോഗറുമായ സാലിഹ് അല്‍ജഫറാവിയെ വധിച്ച് ഇസ്രായേല്‍ പിന്തുണയുള്ള സായുധ സംഘം

ഗസ്സയില്‍ വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ഗസ്സ സിറ്റിയില്‍ ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അല്‍ജഫറാവിയെ വധിച്ച് ഇസ്രായേല്‍ പിന്തുണയുള്ള സായുധ സംഘം.
ഗസ്സ വംശഹത്യ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതില്‍ സജീവമായിരുന്ന സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേല്‍ പിന്തുണയുള്ള ഒരു ‘സായുധ മിലിഷ്യ’ അംഗങ്ങള്‍ വെടിവച്ചു കൊന്നതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട ശേഷം പുറത്തുവന്ന ദൃശ്യങ്ങളില്‍ സാലിഹിന്റെ മൃതദേഹം ഒരു ട്രക്കിന്റെ പിൻഭാഗത്ത് ‘പ്രസ്സ്’ ജാക്കറ്റ് ധരിച്ചിരിക്കുന്നതായി കാണാമായിരുന്നു. വംശഹത്യ യുദ്ധത്തിനിടെ വടക്കൻ ഗസ്സയില്‍ നിന്ന് നാടുകടത്തപ്പെട്ടയാളാണ് 28കാരനായ സാലിഹ് അല്‍ജഫറാവി. വംശഹത്യയെക്കുറിച്ചുള്ള വിഡിയോകള്‍ പകർത്തി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇതിന്റെ പേരില്‍ ഇസ്രായേലില്‍ നിന്ന് നിരവധി ഭീഷണികള്‍ സാലിഹിന് ലഭിച്ചിട്ടുണ്ട്.
ടിആർടി വേള്‍ഡിന്റെ റിപ്പോർട്ട് പ്രകാരം സാലിഹ് അല്‍ജഫറാവിയെ ആയുധധാരികളായ ആളുകള്‍ വളഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകള്‍ ഏറ്റിട്ടുണ്ട്. വെടിനിർത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസ്സയിലെ സുരക്ഷാ സാഹചര്യം വെല്ലുവിളി നിറഞ്ഞതായി തുടരുന്നുവെന്ന് പ്രാദേശിക അധികാരികള്‍ ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.