സ്വാതന്ത്ര്യം, സമാധാനം; ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു, 7 പേരെ റെഡ്ക്രോസിന് കൈമാറി

ടെല്‍ അവീവ്: സമാധാന കരാറിന്‍റെ ഭാഗമായി ഗാസയില്‍ ബന്ദികളുടെ കൈമാറ്റം തുടങ്ങി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു.
ഏഴുപേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. ഇവരെ റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രയേല്‍ ബന്ദികളുടെ മോചനവും നടക്കും. ഇവരെ ഇന്ന് തന്നെ മോചിപ്പിക്കും. സമാധാന കരാറിന്‍റെ ഭാഗമായി 250 പലസ്തീൻ തടവുകാരെയും ഇസ്രയേല്‍ വിട്ടയക്കും. . അതേസമയം, ഇസ്രയേല്‍ സൈന്യം പിന്മാറിയ ഗാസ സിറ്റിയില്‍ ഹമാസും പ്രാദേശിക സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ 27 പേർ കൊല്ലപ്പെട്ടു. ഹമാസ് വിട്ടയക്കുന്നവരെ കാത്ത പ്രിയപ്പെട്ടവര്‍ ടെല്‍അവീവില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഹമാസ് വിട്ടയച്ച 7 ഇസ്രയേല്‍ ബന്ദികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. റെഡ് ക്രോസ് സംഘമാണ് ബന്ദികളെ സ്വീകരിച്ചത്.
ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദികളെ കൈമാറുന്നതിനുള്ള നടപടികളാരംഭിച്ചത്. ഗാസ വെടിനിർത്തല്‍ നിലനില്‍ക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപ് പ്രശംസിച്ചു. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്ബായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു. ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തില്‍ ട്രംപിന്‍റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഗാസ സമാധാന ഉച്ചകോടി നടക്കും. സമാധാന കരാറിന്‍റെ ഭാഗമായി ഹമാസ് ഇന്ന് ബന്ദികളെ വിട്ടയക്കും.
ഇസ്രയേല്‍ പലസ്തീൻ തടവുകാരെയും വിട്ടയയ്ക്കും. ഇസ്രയേലിലാണ് ട്രംപിന്‍റെ ആദ്യ സന്ദർശനം. തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ട്രംപ് യാത്ര തിരിച്ചു. വിപുലമായ സ്വീകരണമാണ് യുഎസ് പ്രസിഡന്‍റിന് ഇസ്രയേലില്‍ ഒരുക്കിയിരിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേല്‍ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിനുശേഷം ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഈജിപ്തിലെ ഷാംഅല്‍ഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്.
അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ല. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഈജിപ്തിലെത്തിയിട്ടുണ്ട്. ഡോണള്‍ഡ് ട്രംപും എല്‍സിസിയും മോദിയെ ക്ഷണിച്ചിരുന്നു. ഉച്ചകോടിയില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്നത് പരിഗണിച്ചാണ് നരേന്ദ്രമോദി വിട്ടു നില്‍ക്കുന്നത് എന്നാണ് സൂചന.