സ്വകാര്യ ബസിന്റെ അനധികൃത സർവീസ്: അടൂർ-മംഗളൂരു കെഎസ്ആർടിസി സർവീസ് നിർത്താൻ ഗൂഢനീക്കമെന്ന് ആരോപണം

അഡൂർ: പുതിയതായി ആരംഭിച്ച അഡൂർ–മംഗളൂരു കെഎസ്ആർടിസി ബസ് പുറപ്പെടുന്നതിന് തൊട്ടു മുൻപ് സ്വകാര്യ ബസ് അനധികൃതമായി സർവീസ് നടത്തുന്നതായി പരാതി. അഡൂരിൽ നിന്ന് പുറപ്പെടുന്ന ബസ് മുള്ളേരിയയിൽ എത്തുന്നതിനു 5 മിനിറ്റ് മുൻപായാണ് മുള്ളേരിയ മുതൽ കുമ്പള വരെ സ്വകാര്യ ബസ് ഓടിക്കുന്നത്. കെഎസ്ആർടിസി ബസ് ആരംഭിച്ചതിനു ശേഷമാണ് ഈ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചത്.
വരുമാനം കുറച്ച് കെഎസ്ആർടിസി സർവീസ് അവസാനിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.രാവിലെ അഡൂരിൽ നിന്ന് 6 മണിക്കാണ് കെഎസ്ആർടിസി പുറപ്പെടുന്നത്. 6.45 നാണ് ഇത് മുള്ളേരിയയിലെത്തുന്നത്. ഇത് എത്തുമ്പോഴേക്കും അവിടെ നിന്നുള്ള ആളുകളെ കയറ്റി സ്വകാര്യ ബസ് പോകുന്നതായാണ് കെഎസ്ആർടിസിയുടെ പരാതി.അഡൂർ–മംഗളൂരു റൂട്ടിൽ വർഷങ്ങളായി ഉണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് കോവിഡിനു ശേഷം നിർത്തിയിരുന്നു.
ഈ മാസം 5 മുതലാണ് പുനരാരംഭിച്ചത്. ദേലംപാടി, കാറഡുക്ക, മുളിയാർ ഭാഗങ്ങളിൽ നിന്നു മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർഥികൾക്കും രോഗികൾക്കുമൊക്കെ ഇത് സഹായകരമാണ്.ആദ്യ 2 ദിവസം നല്ല വരുമാനവും ലഭിച്ചിരുന്നു. അതിനിടയിലാണ് സ്വകാര്യ ബസ് ആരംഭിച്ചത്.സ്വകാര്യ ബസ് ഈ സമയത്ത് സർവീസ് നടത്താൻ അനുമതിയില്ലെന്നാണ് കെഎസ്ആർടിസിയുടെ പരാതി. അനധികൃത സർവീസ് തടയണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ ആർടിഒയ്ക്കും ആദൂർ പൊലീസിനും പരാതി നൽകി.
കുറ്റിക്കോൽ– കാസർകോട് റൂട്ടിലും കെഎസ്ആർടിസിക്ക് പാര
കുറ്റിക്കോൽ–കാസർകോട് റൂട്ടിലും കെഎസ്ആർടിസിക്ക് പാരയായി സ്വകാര്യ ബസ്. പള്ളഞ്ചിയിൽ നിന്നു നേരെ കാസർകോട്ടേക്ക് പോകേണ്ട ബസ് അനുമതിയില്ലാതെ കുറ്റിക്കോലിലേക്ക് പോയി ആളെ കയറ്റുന്നത് കെഎസ്ആർടിസിക്ക് തിരിച്ചടിയായി.രാവിലെ 7.45 ന് പള്ളഞ്ചിയിൽനിന്നുപുറപ്പെടുന്ന ബസിന് ബേത്തൂർപ്പാറ വഴി നേരെ കാസർകോട്ടേക്ക് സർവീസ് നടത്താനാണ് ആർടിഒ അനുമതിയുള്ളത്.
എന്നാൽ പള്ളഞ്ചിയിൽ നിന്നു കുറ്റിക്കോലിലേക്ക് പോയിട്ടാണ് ഇത് സർവീസ് നടത്തുന്നത്. 8.10 ന് കുറ്റിക്കോലിൽ നിന്ന് കാസർകോട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ തൊട്ടു മുൻപാണ് ഇത് ഓടുന്നത്. ഇത് മൂലം കെഎസ്ആർടിസിയുടെ വരുമാനം കുത്തനെ കുറയുന്നുവെന്നാണ് പരാതി.