സ്ഥാനാർഥിയെച്ചൊല്ലി തർക്കം; നേതാക്കളോട് കയർത്ത് കോൺഗ്രസ് പ്രവർത്തകർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 17-ാം വാർഡായ മാതോത്ത് സ്ഥാനാർഥി നിർണയത്തിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കളെത്തി. എന്നാൽ നേതൃത്വം പറയുന്നയാളെ സ്ഥാനാർഥിയാക്കിയാൽ അംഗീകരിക്കില്ലെന്നു പറഞ്ഞ് പ്രവർത്തകർ പ്രതിഷേധമറിയിച്ചു. സ്റ്റേറ്റ് ബാങ്കിൽനിന്ന് വിരമിച്ച പി.വി.രവീന്ദ്രൻ നായർ, ജില്ലാ സാമൂഹ്യപ്രവർത്തകക്ഷേമ സഹകരണ സംഘം പ്രസിഡന്റ് കല്ലംചിറയിലെ എം.വി.ലക്ഷ്മണൻ എന്നിവരുടെ പേരുകളാണ് ഇവിടെ സ്ഥാനാർഥി പട്ടികയിലുള്ളത്. വാർഡ് കമ്മിറ്റിയുൾപ്പെടെയുള്ള കീഴ്ഘടകങ്ങൾ ലക്ഷ്മണന്റെ പേരാണ് പറഞ്ഞത്. എന്നാൽ ജില്ലാ കോൺഗ്രസ് നേതൃത്വം രവീന്ദ്രൻ നായരെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞു. തർക്കം മുറുകുന്നതിനിടെ വ്യാഴാഴ്ച കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ തുടങ്ങിയ നേതാക്കളെത്തി. കൊവ്വൽപ്പള്ളിയിലെ എസ്.എൻ.സ്കൂളിൽ നടന്ന യോഗത്തിൽ 50-ലേറെ പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധം വലിയ ബഹളത്തിലെത്തിയതോടെ ഇരുവരുടെയും പേര് എഴുതി നേതാക്കൾ മടങ്ങി. തീരുമാനം ഡി.സി.സി.യിൽനിന്ന് ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

