KSDLIVENEWS

Real news for everyone

ജില്ലയിലെ പൈവളിഗെ, മീഞ്ച പഞ്ചായത്ത് പരിധികളിൽ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത പാലിക്കണമെന്ന് കാസർകോട് ഡി.എം.ഒ

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പൈവളികെ, മീഞ്ച ഗ്രാമപഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്- എ) പടരുന്നു. ഇതിനകം 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധയെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് ഡി.എം.ഒ ഡോ. എ.വി രാംദാസ് മുന്നറിയിപ്പ് നല്‍കി. വിദഗ്ദ്ധ ഡോക്ടര്‍മാര്‍, പെരിയ കേന്ദ്ര സര്‍വകലാശാലയിലെ വൈറോളജി വിഭാഗത്തിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കും. പൈവളിഗെ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 39 പേര്‍ക്കും മീഞ്ച പഞ്ചായത്ത്‌ പരിധിയില്‍ 15 പേര്‍ക്കുമാണ് മഞ്ഞപിത്തം എ റിപ്പോര്‍ട്ട്‌ ചെയ്തത്. രോഗപകര്‍ച്ച തടയുന്നതിനു വേണ്ടി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനം തീരുമാനിക്കുന്നതിനും വേണ്ടി എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് ഈ രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങള്‍ സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം രണ്ടു മുതല്‍ ആറു വരെ ആഴ്ചകള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. ലക്ഷണങ്ങള്‍ സാധാരണയായി രണ്ട് മുതല്‍ 12 ആഴ്ചവരെ നീണ്ടുനില്‍ക്കും. മഞ്ഞപ്പിത്തം (ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട നിറമുള്ള മൂത്രം, കടുത്ത ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, തലവേദന,പേശിവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഗുരുതരമാണെങ്കില്‍ കരളിനെ ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചെന്ന് ചികിത്സ തേടണം. സ്വയം ചികിത്സിക്കരുത്. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാല്‍കിയിട്ടുണ്ട്. ഡോ. എ.വി രാംദാസ് (ഡി.എം.ഒ കാസര്‍കോട് )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!