സഫിയയുടെ ശരീരാവശിഷ്ടങ്ങൾ കബറടക്കി; കുടുംബത്തിന് കൈമാറിയത് 18 വർഷത്തിന് ശേഷം
കാസർകോട്: ‘കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തു–അയിഷ ദമ്പതികളുടെ മൂത്ത മകളായിരുന്നു സഫിയ. 2006ൽ അവൾക്ക് വയസ്സ് വെറും 13. അക്കാലത്ത് കുടകിലെ ദിവസകൂലി 80 രൂപയാണ്. ആ തുക കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ പെടാപാട് പെട്ടപ്പോഴാണ് ആറാം ക്ലാസിൽ സഫിയ പഠനം നിർത്തുന്നത്. തുടർന്ന് അയ്യങ്കേരി സ്വദേശി മൊയ്തു എന്നയാൾ വഴി മുളിയാർ മസ്തിഗുണ്ടിലെ ഹംസയുടെ വീട്ടിലേക്ക് അവൾ എത്തി. ഹംസയുടെയും മൈമൂനയുടെയും മക്കളോടൊപ്പം കൂട്ടിരിക്കുവാനാണ് സഫിയയെ അവർ കൊണ്ടുപോയത‌്, കൂട്ടത്തിൽ അവൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ സഫിയയെ അവർ ഗോവയിലേക്ക് കൂടെ കൂട്ടി.’–18 വർഷം മുൻപ് ഗോവയിൽ കൊല ചെയ്യപ്പെട്ട സഫിയയുടെ ജീവിതം കേസിൽ ഹാജരായ അഡ്വ.സി ഷുക്കൂർ വിവരിക്കുന്നതിങ്ങനെ.
സഫിയയുടെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ പിതാവ് മൊയ്തുവും ഉമ്മ ആയിഷയും ഇന്നലെ ഏറ്റു വാങ്ങിപ്പോൾ കോടതി സാക്ഷ്യം വഹിച്ചത് വികാര നിർഭരമായ നിമിഷങ്ങൾക്കാണ്.മകൾ ഗോവയ്ക്കു പോയ ശേഷം 2006 ഡിസംബർ 20ന് മൊയ്തുവിനെ ഹംസ ഫോൺ ചെയ്ത് മകൾ ഗോവയിൽ നിന്ന് നാട്ടിൽ എത്തിയിട്ടുണ്ടെന്നും കാണുവാൻ വരണമെന്നും അറിയിച്ചു.
എന്നാൽ സഫിയയും തന്റെ മക്കളും മുറ്റത്തു കളിക്കുന്നതിനിടെ സഫിയയെ കാണുന്നില്ല എന്ന വിവരമാണ് ഹംസ മൊയ്തുവിനെ അറിയിച്ചത്. തുടർന്ന് ആദൂർ പൊലീസിൽ പരാതിയും നൽകി. വിവര സഫിയയുടെ ഉമ്മ ആയിഷയോട് പറയാനുള്ള ഭയത്താൽ ബക്രീദിന് സഫിയ വരും എന്നു മാത്രം മൊയ്തു കള്ളം പറഞ്ഞു. പിന്നീട് ഡിസംബർ 25നാണ് ആയിഷ മകളെ നഷ്‌ടപ്പെട്ട കാര്യം മനസ്സിലാക്കുന്നത്. മകൾക്കു നീതി കിട്ടാൻ അവർ നിയമത്തിന്റെ സഹായം തേടി. ലോക്കൽ പൊലീസ് അട്ടിമറിച്ച കേസ്, ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
പ്രതി ചേർക്കപ്പെട്ടവരുടെ കുറ്റമൊഴി പ്രകാരം ഗോവയിലെ ഡാം പ്രദേശത്ത് മണ്ണുമാന്തി ഉപയോഗിച്ച് കുഴി എടുത്ത് 2 ദിവസത്തെ പരിശ്രമത്തിലാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങൾ കണ്ടെടുത്തത്. ഉമ്മ ആയിഷയുടെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവുമാണ് പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചത്. അന്ന് ഇവർക്കു വേണ്ടി കേസ് നടത്തിയ അഡ്വ.സി.ഷുക്കൂറിനോട് മൃതദേഹ അവശിഷ്ടം കിട്ടണമെന്ന ആഗ്രഹം കുടുംബം അറിയിച്ചതിനെ തുടർന്ന് നൽകിയ പരാതിയിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സാനു എസ് പണിക്കരാണ് ഇപ്പോൾ തലയോട്ടി ഭാഗം വിട്ടുനൽകി അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
വീട്ടുടമ കാണാനില്ലെന്നു പറഞ്ഞതിനെത്തുടർന്ന് സഫിയയെ കണ്ടെത്താൻ കാസർകോട് ആക്ഷൻ കമ്മിറ്റി സമരപ്പന്തലിൽ 90 ദിവസം സത്യഗ്രഹ സമരം അടക്കം സംഘടിപ്പിച്ച കേസാണിത്. 2006 ലാണ് കുടക് അയ്യങ്കേരി സ്വദേശിനി സഫിയ(13) ഗോവയിൽ കൊല്ലപ്പെട്ടത്. കരാർ ജോലിക്കാരായ മുളിയാർ സ്വദേശി കെ.സി.ഹംസ, ഭാര്യ മൈമൂന എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട സഫിയ. കേസിലെ ഒന്നാം പ്രതി ഹംസയെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു.
ഓർമകൾ ബാക്കി; സഫിയയുടെ ശരീരാവശിഷ്ടങ്ങൾ കബറടക്കി
കാസർകോട്: ജീവനോടെ ഉണ്ടായിരുന്നെങ്കിൽ സഫിയയ്ക്ക് പ്രായം 31. 18 വർഷത്തിനുശേഷം സഫിയ ഉമ്മയ്ക്കരികിലെത്തിയത് തലയോട്ടി മാത്രമായി. കാസർകോട് സ്വദേശിയായ കരാറുകാരന്റെ ഗോവയിലെ വീട്ടിൽ, 2006 ഡിസംബറിൽ 13ാം വയസ്സിൽ കൊല്ലപ്പെട്ട കുടക് സ്വദേശി സഫിയയുടെ തലയോട്ടിയടക്കമുള്ള ശേഷിപ്പ് കബറടക്കത്തിനായി സഫിയയുടെ പിതാവ് കുടക് അയ്യങ്കേരി മൊയ്തുവും സഫിയയുടെ ഉമ്മ ആയിഷയും ഇന്നലെ കോടതിയിൽനിന്ന് ഏറ്റുവാങ്ങി. സഫിയയുടെ സഹോദരൻ അൽത്താഫും അൽത്താഫിന്റെ ഭാര്യ ഷംസീറയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അഭിഭാഷകനൊപ്പം കോടതിയിലെത്തിയ ആയിഷയ്ക്ക് തൊണ്ടിമുതൽ സൂക്ഷിപ്പു മുറിയിലെ കാർഡ് ബോർഡ് പെട്ടി തുറന്ന് തലയോട്ടി കാണിച്ചു കൊടുത്തു. നിലയ്ക്കാത്ത കണ്ണീരോടെ കോടതി റജിസ്റ്ററിൽ മൊയ്തുവും ആയിഷയും ഒപ്പുവച്ചു. പ്രിയപ്പെട്ട മകളുടെ തലയോട്ടിയുൾപ്പെടെയുള്ള ശേഷിപ്പ് നിറകണ്ണുകളോടെ ആ ഉമ്മയും ഉപ്പയും ഏറ്റുവാങ്ങി. ആംബുലൻസിൽ സീതാംഗോളി മുഹിമ്മാത്ത് മസ്ജിദിലെത്തിച്ച് ചടങ്ങുകൾക്കു ശേഷം കുടക് അയ്യങ്കേരി പഴയ ജുമാമസ്ജിദിൽ കബറടക്കി.
2008 ജൂൺ 5ന് ഗോവയിൽ നിർമാണത്തിലുള്ള അണക്കെട്ടിനു സമീപത്തുനിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി സ്ഥികൂടം സഫിയയുടേതാണെന്ന് സ്ഥിരീകരിച്ചു. സഫിയ ജോലിക്കുനിന്ന വീടിന്റെ ഉടമയും കേസിലെ പ്രധാന പ്രതിയുമായ കരാറുകാരൻ കെ.സി.ഹംസയ്ക്ക് 2015 ജൂലൈ 14ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഇയാളുടെ ഭാര്യ ഉൾപ്പെടെ മറ്റ് 2 പ്രതികൾക്ക് തടവുശിക്ഷയും. 2022ൽ അപ്പീൽ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി. മറ്റുള്ളവരെ കുറ്റവിമുക്തരാക്കി. മകളുടെ ശരീരാവശിഷ്ടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.