KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെടുത്തൽ; മെഡിക്കൽ പരിശോധന അന്തിമഘട്ടത്തിലേക്ക്

SHARE THIS ON

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടരുന്ന പരിശോധന ഈ മാസം അവസാനത്തോടെ പൂർത്തിയായേക്കും. അപേക്ഷകളിന്മേൽ ഫീൽഡ് വെരിഫിക്കേഷൻ ഏതാണ്ട് പൂർത്തിയായി. അതതു പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ പരിശോധന  ഉൾപ്പെടെ നടക്കുന്നുണ്ട്. അത് ഈ മാസത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു.മുൻ തവണകളിൽ പരസ്യമായി അറിയിപ്പു നൽകിയാണ് മെഡിക്കൽ പരിശോധന നടത്തിയിരുന്നതെങ്കിൽ ഇത്തവണ ദുരിതബാധിതരെയും ബന്ധപ്പെട്ടവരെയും മാത്രം നേരിട്ട് അറിയിച്ചാണ് ക്യാംപുകൾ നടക്കുന്നത്.

അപേക്ഷ നൽകിയത് 20000ൽ ഏറെ പേർ
2022 ഡിസംബർ 31 വരെ ലഭിച്ച അപേക്ഷകളിലാണ് പരിശോധന.  ഇരുപതിനായിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 1980 ജനുവരി 1നും 2011 ഒക്ടോബർ 25നും ഇടയിൽ ജനിച്ചവരും എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകൾ, അതിർത്തി പഞ്ചായത്തുകൾ, പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവു തോട്ടങ്ങളുടെ 2 കിലോമീറ്റർ ചുറ്റളവ് വരെ താമസം ഉണ്ടായിരുന്നവരോ ആയിരിക്കണം അപേക്ഷകർ.

ഒരു പഞ്ചായത്തിൽനിന്ന് ശരാശരി 1500 അപേക്ഷകർ
മിക്ക പഞ്ചായത്തുകളിലും 1500 വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പല പഞ്ചായത്തുകളിലും ലഭിച്ച അപേക്ഷകളിൽ 10 ശതമാനം പോലും എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടാൻ അർഹരായവരല്ലെന്നാണ് സൂചന.

3 ഘട്ടങ്ങളിലായി ഫീൽഡ്  വെരിഫിക്കേഷൻ നടത്തി
പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഐസിഡിഎസ് ഓഫിസർ എന്നിവർ സംയുക്ത പരിശോധന നടത്തിയാണ് 3 ഘട്ടങ്ങളിലായി ഫീൽഡ് വെരിഫിക്കേഷൻ പൂർത്തിയാക്കിയത്.

നടപടിക്രമം ഇങ്ങനെ
ഫീൽഡ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന, വിവിധ ചികിത്സാ വിഭാഗങ്ങൾ അടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധന തുടങ്ങിയവയ്ക്കു ശേഷമാണ് കലക്ടർ എൻഡോസൾഫാൻ ദുരിതബാധിത ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരുടെ ശുപാർശ പട്ടിക സർക്കാരിലേക്ക് അയയ്ക്കുക. അപേക്ഷകളും മറ്റു വിവരങ്ങളെല്ലാം സൂക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക വെബ് പോർട്ടലിനു തന്നെ രൂപം നൽകിയിട്ടുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!