KSDLIVENEWS

Real news for everyone

മാധ്യമങ്ങളിൽ വന്നത് വ്യാജ വാർത്ത; പിന്നിൽ ഗൂഢാലോചന’: ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ

SHARE THIS ON

കണ്ണൂർ: ആത്മകഥ പൂർ‌ത്തിയായിട്ടില്ലെന്ന് ഇ.പി.ജയരാജൻ. ഞാൻ എഴുതാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിച്ചത്. തിരഞ്ഞെടുപ്പ് ദിവസം തയാറാക്കിയ ആസൂത്രിത പദ്ധതിയാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുപോലൊരു സംഭവമുണ്ടായെന്നും ജയരാജൻ പറഞ്ഞു.‘‘എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബോധപൂർവമാണ് വാർത്ത പുറത്തുവന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല. ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുക ? ഇന്നലെ വന്ന പുസ്തകത്തിന്റെ ടീസർ ശ്രദ്ധയിൽപ്പെട്ടില്ല. ഒരാളും എന്നെ ഇക്കാര്യം അറിയിച്ചില്ല’’ – ജയരാജൻ പറഞ്ഞു.

‘‘ഒന്നിൽ കൂടുതൽ പ്രസാധകർ എന്നെ സമീപിച്ചിരുന്നു. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം 10.30നാണെന്ന് ചാനലിലൂടെയാണ് അറിയിച്ചത്. പ്രസിദ്ധീകരിക്കാൻ ചിന്ത ബുക്സ് വന്നാൽ അവരോട് സംസാരിക്കും. വിശ്വസ്തനായ പത്രപ്രവർത്തകനെ എഡ‍ിറ്റ് ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വഴി പുസ്തകം പുറത്തുപോകാൻ വഴിയില്ല. ഒരാളുമായും കരാറില്ല. എന്നെ പരിഹസിക്കുന്ന തലക്കെട്ട് പുസ്തകത്തിന് ഞാൻ കൊടുക്കുമോ? കവർ പേജൊന്നും തീരുമാനിച്ചിട്ടില്ല. ആത്മകഥ 200 പേജൊക്കെ എഴുതി കാണും. വാർത്ത വന്ന ശേഷം ഡി.സി ബുക്സിനെ വിളിച്ചിരുന്നു. അവർ അന്വേഷിക്കാമെന്നാണ് പറഞ്ഞത്. എനിക്കെതിരെ വ്യക്തിഹത്യ നടത്തി പാർട്ടി തകർക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് അലങ്കോലമാക്കാനുള്ള ശ്രമമാണ്. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ. അതുകൊണ്ടാണ് എനിക്കെതിരെ കല്ലെറിയുന്നത്. പാർട്ടി വസ്തുനിഷഠമായി എല്ലാം പരിശോധിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലേ പ്രശ്നമുള്ളൂ. ഇപ്പോൾ വന്നിരിക്കുന്ന ഭാഗങ്ങൾ മാനിപ്പുലേറ്റ് ചെയ്തതാണ്’’– ജയരാജൻ പറഞ്ഞു.

അതിനിടെ ആത്മകഥ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി. തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗം എന്നു പറഞ്ഞ് മാധ്യമങ്ങളിൽ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. 

എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചുമില്ല. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയാണ് രാവിലെ തന്നെ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ഉടലെടുത്തത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്തുവന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി.സരിൻ വയ്യാവേലിയാകുമെന്ന് ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങളും ആത്മകഥയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!