ശത്രുക്കൾ ഭയക്കും, യുഎസ് ഇനി തലകുനിക്കില്ല’: ഫോക്സ് ന്യൂസ് അവതാരകൻ ട്രംപിന്റെ പ്രതിരോധ സെക്രട്ടറി
വാഷിങ്ടൺ: ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെ കാറ്റിൽപ്പറത്തിയാണ് പീറ്റിന്റെ നിയമനം. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്തിയും യുഎസ് ആദ്യം നയത്തിന്റെ ശരിയായ വിശ്വാസിയുമാണ് പീറ്റ്. പീറ്റ് യുഎസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോൾ ശത്രുക്കൾ ഭയക്കും. നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. യുഎസ് ഇനി ഒരിക്കലും തലകുനിയ്ക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.
2014ലാണ് പീറ്റ് ഫോക്സ് ന്യൂസ് ചാനലിൽ ചേരുന്നത്. ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ എന്ന പരിപാടിയുടെ സഹ അവതാരകനായിരുന്നു. മിനസോട്ടയിൽ ജനിച്ച പീറ്റ് പ്രിൻസ്ടൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. സർവകലാശാലയിൽ കൺസർവേറ്റീവ് അനുകൂല മാഗസിനായ പ്രിൻസ്ടൻ ടോറിയുടെ പ്രസാധകനായിരുന്നു പീറ്റ്. തുടർന്ന് ഹാർവഡ് കെന്നഡി സ്കൂളിൽനിന്ന് പൊതുനയത്തിൽ ബിരുദാനന്തര ബിരുദം നേടി. അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായി ഇറാൻ, അഫ്ഗാനിസ്ഥാൻ, ക്യൂബയിലെ ഗ്വാണ്ടനാമോ ബേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.
ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് ട്രംപിന്റെ നയങ്ങളോട് കടുത്ത പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് പീറ്റ്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ട്രംപിന്റെ ചങ്ങാത്തം, വിദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കൽ, സൈനികർക്കെതിരെയുള്ള യുദ്ധക്കുറ്റം അന്വേഷിക്കൽ തുടങ്ങി ട്രംപിന്റെ വിവിധ തീരുമാനങ്ങളെയും അമേരിക്ക ആദ്യം നയത്തെയും പീറ്റ് പരസ്യമായിത്തന്നെ പിന്തുണച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സിഐഎ) മേധാവിയായി ജോൺ റാറ്റ്ക്ലിഫിനെയും ട്രംപ് തീരുമാനിച്ചു. ഇന്ത്യൻ വംശജൻ കഷ് പട്ടേലിനെ സിഐഎ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾക്കിടെയാണ് റാറ്റ്ക്ലിഫിന്റെ നിയമനം.
ടെക്സസിൽ നിന്നുള്ള കോൺഗ്രസ് അംഗമായിരുന്ന റാറ്റ്ക്ലിഫ് ഒന്നാം ട്രംപ് സർക്കാരിൽ ദേശീയ ഇന്റലിജൻസ് ഡയറക്ടറായിരുന്നു. ട്രംപിന്റെ വിശ്വസ്തനായ സെനറ്റംഗം മാർക്കോ റൂബീയോ പുതിയ സ്റ്റേറ്റ് സെക്രട്ടറിയാകും. ഇന്ത്യയും ഇന്ത്യൻ വംശജരുമായി ബന്ധപ്പെട്ട കോൺഗ്രസ് കോക്കസിന്റെ സഹഅധ്യക്ഷനായി ശ്രദ്ധ നേടിയിട്ടുള്ള മൈക്ക് വോൾട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കും. ഫ്ലോറിഡയിൽനിന്നുള്ള സെനറ്റംഗമാണ് റൂബിയോ. സുപ്രധാന പദവികളിലെത്തുന്ന ഇരുവരും അനുഭാവികളാണെന്നത് ഇന്ത്യയ്ക്കു ഗുണകരമായേക്കും.
അർക്കൻസാസ് മുൻ ഗവർണർ മൈക്ക് ഹക്കാബീയെ ഇസ്രയേൽ അംബാസിഡറായും സ്റ്റീവൻ വിറ്റ്കോഫിനെ മധ്യപൂർവേഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധിയായും നിയമിച്ചിട്ടുണ്ട്. കോൺഗ്രസ് അംഗം ലീ സെൽഡിനെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ മേധാവിയാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സ്റ്റീഫന്‍ മില്ലർ പോളിസി വിഭാഗം ഡപ്യൂട്ടി മേധാവിയാകും. 15 എക്സിക്യൂട്ടീവ് വകുപ്പുകളുടെ മേധാവികളടക്കം നാലായിരത്തോളം ഉദ്യോഗസ്ഥരാണ് അടുത്ത ഭരണകൂടത്തിൽ പുതുതായി വേണ്ടത്.