ചെർക്കള-ജാൽസൂർ സംസ്ഥാനാന്തര പാതയിൽ പാർശ്വഭിത്തിയില്ല; ഒന്നു മാറിയാൽ നേരേ പുഴയിൽ
പരപ്പ (ദേലംപാടി): പുഴയോടു ചേർന്നുകിടക്കുന്ന ഭാഗത്തു പാർശ്വഭിത്തിയോ മുന്നറിയിപ്പു സംവിധാനങ്ങളോ ഇല്ലാത്തതു ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാതയിൽ അപകട ഭീഷണി ഉയർത്തുന്നു. ദേലംപാടി പഞ്ചായത്തിലെ പരപ്പയിൽ 100 മീറ്ററിലേറെ ദൂരത്തോളം സംരക്ഷണഭിത്തിയില്ല.നടപ്പാതയില്ലാതെ റോഡിന്റെ മുഴുവൻ വീതിയും ടാറിങ് ചെയ്തു. അതുകൊണ്ടുതന്നെ ടാറിങ്ങിൽ നിന്നു വാഹനം താഴെയിറക്കിയാൽ നേരെ വീഴുക പയസ്വിനിപ്പുഴയിലേക്കാണ്. റോഡിനെക്കാൾ 6 മീറ്ററോളം താഴ്ചയിലാണു പുഴ ഒഴുകുന്നത്. എന്നാൽ മഴക്കാലത്തു റോഡിന്റെ നിരപ്പിലേക്കുതന്നെ വെള്ളം ഉയരാറുണ്ട്. ആ സമയത്തു റോഡിന്റെ താഴെയുള്ളത് പുഴയാണെന്നു തിരിച്ചറിയാൻ പോലും പ്രയാസമാണ്. വളവുകളുള്ള സ്ഥലം കൂടിയാണിത്. വനത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അതിനാൽ മറ്റു സ്ഥലങ്ങളിലേതു പോലെ വീതിയില്ല. റോഡിന്റെ പരമാവധി വീതി മുഴുവൻ ടാറിങ്ങുമാണ്. ശബരിമല മകരവിളക്കു കാലമാകുന്നതോടെ കർണാടക, ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ തിരക്ക് റോഡിൽ പതിവാണ്. അതിനു മുൻപായി പാർശ്വഭിത്തിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒരുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.