കോഴിക്കോട് മേയറുടേയും കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയുടേയും സീറ്റ് പിടിച്ച് ബി.ജെ.പി

കോഴിക്കോട്: കോര്‍പ്പറേഷനില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നില മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് ബിജെപി. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മല്‍ ബിജെപി പിടിച്ചെടുത്തതാണ് നിര്‍ണായകം. ഇവിടെ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായ ടി രനീഷാണ് വിജയിച്ചത്. അഡ്വ. അങ്കത്തില്‍ അജയ് കുമാര്‍ ആയിരുന്നു ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്.
പുതുതായി നിലവില്‍ വന്ന മാവൂര്‍ റോഡ് ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്. ഡിവിഷനില്‍ ശ്രീജ സി നായരാണ് ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പി.എം നിയാസിന്റെ വാര്‍ഡും ബിജെപി പിടിച്ചെടുത്തു. പാറോപ്പടി ഡിവിഷനിലായിരുന്നു പി.എം നിയാസ് മത്സരിച്ചത്. ഇവിടെ ബിജെപിയടെ ഹരീഷ് പൊറ്റങ്ങാടിയാണ് വിജയിച്ചത്.
ഇതിന് പുറമെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ ചാലപ്പുറം വാര്‍ഡും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥിയായ അനില്‍കുമാര്‍ കെ.പിയാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് സിഎംപിക്ക് നല്‍കിയ വാര്‍ഡാണിത്.
കോണ്‍ഗ്രസ് സ്ഥിരമായി വിജയിച്ചുവരുന്ന വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധവും കോണ്‍ഗ്രസ് ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെ 12 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.അയൂബ് വിമതനായും മത്സരിച്ചിരുന്നു.
സിഎംപിയുടെ വി.സജീവായിരുന്നു ഇവിട യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പി.ഉഷാദേവി ടീച്ചറായിരുന്നു ഇവിടെ നിന്നുള്ള കൗണ്‍സിലര്‍. 113 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു കഴിഞ്ഞ തവണ ഉഷാദേവി ടീച്ചര്‍ ഇവിടെ നിന്നും വിജയിച്ചത്.

