തൃശ്ശൂർ കോർപ്പറേഷൻ യു.ഡി.എഫ് അങ്ങ് എടുത്തു: എൽ.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി: ബി.ജെ.പി സ്വപ്നം പൊലിഞ്ഞു

ഇടതിനെയും വലതിനെയും മാറിമാറി പിന്തുണയ്ക്കുന്ന തൃശ്ശൂർ കോർപ്പറേഷനിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. ഇടതുപക്ഷം ഏറെ പ്രതീക്ഷവച്ചിരുന്ന കോർപ്പറേഷനിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലേറുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. പത്തു വർഷം പ്രതിപക്ഷത്ത് തുടർന്ന കോർപ്പറേഷൻ ഭരണം എന്ത് വിലകൊടുത്തും പിടിച്ചെടുത്തേ മതിയാകൂ എന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വാശി ഫലംകണ്ടു.
ജയിച്ചതും ലീഡ് നിലനിർത്തുന്നതുമായ 34-ഓളം ഡിവിഷൻ നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒട്ടേറെ സീറ്റുകളും അവർ തിരിച്ചുപിടിച്ചതും ആശ്വാസമായി. 2020-ലെ ആലസ്യം വരുത്തിവെച്ച ഫലത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്. അതുകൊണ്ട് തന്നെ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിൽ തന്നെ കോൺഗ്രസ് പ്രചാരണത്തിനിറങ്ങി. സിപിഎമ്മും ബിജെപിയുമൊക്കെ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കോർപ്പറേഷനിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയായിരുന്നു പുറത്തുവന്നത്.
കുട്ടനെല്ലൂർ ഡിവിഷനിൽ നിന്ന് ജനവിധി തേടിയ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഹരീഷ് മോഹൻ 500-ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കെപിസിസി സെക്രട്ടറി എ. പ്രസാദ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ, മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു എന്നിവരും വിജയം ഉറപ്പിച്ചുകഴിഞ്ഞു. വലിയ വിജയത്തിലേക്ക് നീങ്ങുമ്പോഴും കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ പാട്ടുരായക്കൽ ഡിവിഷനിൽ പരാജയപ്പെട്ടത് ക്യാമ്പിനെ നിരാശയിലാക്കുന്നുണ്ട്. കണ്ണൻകുളങ്ങര ഡിവിഷൻ ബിജെപിയിലേക്ക് കൈവിട്ടതും തിരിച്ചടിയായി.
മേയർ സ്ഥാനാർഥിയായി എൽഡിഎഫ് ഉയർത്തിക്കാട്ടി നോവലിസ്റ്റ് ലിസി ജോയ് പരാജയപ്പെട്ടത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി. ലാലൂർ ഡിവിഷനിൽ നിന്നാണ് ഇവർ മത്സരിച്ചിരുന്നത്. വോട്ടെണ്ണൽ തുടങ്ങിയതിന് ശേഷം എതിർസ്ഥാനാർഥിക്ക് ഒരു വെല്ലുവിളി സൃഷ്ടിക്കാൻ പോലുമാകാതെയാണ് ലിസി പരാജയം ഏറ്റുവാങ്ങിയത്. മുൻ മേയർ അജിത ജയരാജൻ കൊക്കാലയിൽ പരാജയപ്പെട്ടതും ഇടതുപക്ഷത്തിനേറ്റ ആഘാതമായി. ഇവിടെ എൻഡിഎയുടെ വിൻഷി അരുൺകുമാർ ആണ് വിജയിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു കഴിഞ്ഞ തവണ കോർപ്പറേഷനെ എൽഡിഎഫ് വരുതിയിലാക്കിയത്. സിനിമയെ വെല്ലുന്ന ക്ലൈമാക്സായിരുന്നു കഴിഞ്ഞതവണ. 54 ഡിവിഷനുകളിൽ എൽ.ഡി.എഫ്- 24, യു.ഡി.എഫ്- 23, എൻ.ഡി.എ.- ആറ്, കോൺഗ്രസ് വിമതൻ-ഒന്ന് എന്നിങ്ങനെയായായിരുന്നു അന്നത്തെ കക്ഷിനില. ആര് ഭരണസാരഥ്യത്തിലേക്കെത്തുമെന്ന് ഒരുപിടിയും നൽകാത്ത അവസ്ഥ. അവിടെ നിന്നാണ് കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് എൽഡിഎഫ് ഭരണത്തിലേറിയത്.
ലോക്‌സഭാതിരഞ്ഞെടുപ്പിൽ 30 ഡിവിഷനിൽ നേടിയ മേൽക്കൈ ആയിരുന്നു എൻഡിഎയുടെ പ്രതീക്ഷ. എന്നാൽ, ഈ പ്രതീക്ഷയെ അസ്ഥാനത്താക്കുന്ന വിധിയാണ് ജനങ്ങൾ അവർക്കു മുമ്പിൽ വെച്ചുനീട്ടിയത്. പുതുമുഖങ്ങളെയടക്കം രംഗത്തിറക്കി വൻ പ്രചാരണമെല്ലാം നടത്തിയെങ്കിലും ഒടുവിലത്തെ ഫലം ബിജെപിയെ സംബന്ധിച്ച് ആശാവഹമല്ല. സുരേഷ് ഗോപി ഫാക്ടറും ഫലത്തിൽ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ തവണ നേടിയ ആറ് സീറ്റിൽ നിന്ന് ഒന്നോ രണ്ടോ സീറ്റ് കൂടുതൽ നേടാനുള്ള സാധ്യത ഒഴിച്ചുനിർത്തിയാൽ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വയ്ക്കാനുതകുന്ന ഒരു ഫലവും തൃശ്ശൂർ കോർപ്പറേഷനിൽ ജില്ലാനേതൃത്വത്തിന് അവകാശപ്പെടാനില്ല.
2015-ലെ കണക്കുകൾ പരിശോധിച്ചാൽ അന്ന് 25 ഡിവിഷനുകളിലാണ് എൽഡിഎഫിന് വിജയിക്കാനായത്. പിന്നീട് സ്വതന്ത്രരായി ജയിച്ച രണ്ടുപേരെക്കൂടി കൂടെക്കൂട്ടി ആയിരുന്നു ഭരണം പിടിച്ചത്. യു.ഡി.എഫിന് 22 ഡിവിഷനുകളാണ് 2015-ൽ ലഭിച്ചത്.

