ആറില്‍ നാല് കോർപറേഷനുകളിലും യുഡിഎഫ് കുതിപ്പ്: എല്‍ഡിഎഫും എന്‍.ഡി.എയും ഓരോ ഇടങ്ങളില്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിന്റെ വന്‍മുന്നേറ്റമെന്ന് സൂചനകള്‍. 11 മണിവരെയുള്ള ഫലം വിലയിരുത്തുമ്പോൾ, കേരളത്തിലെ ആറ് കോര്‍പറേഷനുകളില്‍ നാലിടത്തും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഒരിടത്ത് മാത്രമായിരുന്നു യുഡിഎഫിന് അധികാരം പിടിക്കാനായത്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ 2020-ല്‍ അഞ്ചിലും എല്‍ഡിഎഫ് ആയിരുന്നു അധികാരത്തിലെത്തിയത്. കണ്ണൂരില്‍ മാത്രമായിരുന്നു യുഡിഎഫിന് അധികാരം പിടിക്കാനായത്. എന്നാല്‍, ഇക്കുറി കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് കുതിക്കുകയാണ്. കൊല്ലത്തും നിലവില്‍ മുന്നിട്ടുനില്‍ക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താനാകുന്നത്.
കൊച്ചി കോര്‍പറേഷനില്‍ 76 വാര്‍ഡുകളില്‍ 45 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 24 ഇടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് എന്‍ഡിഎയുമാണ് മുന്നിട്ടുനില്‍ക്കുന്നത്. 2020-ല്‍ 34 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണംപിടിച്ചപ്പോള്‍ 31 സീറ്റുകള്‍ യുഡിഎഫിന് കിട്ടിയിരുന്നു.
തൃശ്ശൂരില്‍ 34 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 11 ഇടത്ത് മാത്രമാണ് എല്‍എഡിഎഫ് മുന്നേറുന്നത്. എട്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ 25 സീറ്റുകള്‍ നേടിയാണ് എല്‍എഡിഎഫ് ഭരണംപിടിച്ചത്. 24 സീറ്റുകള്‍ യുഡിഎഫ് നേടിയിരുന്നു.
കണ്ണൂരില്‍ 22 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 12 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ കണ്ണൂരില്‍ 35 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് കോര്‍പറേഷന്‍ പിടിച്ചത്. 19 സീറ്റുകളാണ് എല്‍ിഡഎഫിന് നേടിയിരുന്നത്.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കൊല്ലത്ത് 14 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുന്നു. എട്ടിടത്ത് എല്‍ഡിഎഫും ആറിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. കഴിഞ്ഞതവണ 39 സീറ്റ് നേടിയാണ് കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് പിടിച്ചിരുന്നത്. എന്‍ഡിഎ ആറ് സീറ്റുകളും നേടിയിരുന്നു.
കോഴിക്കോട് 76 വാര്‍ഡുകളില്‍ 21 ഇടത്ത് എല്‍ഡിഎഫും 16 ഇടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 10 സീറ്റുകളില്‍ എന്‍ഡിഎയും മുന്നേറുന്നുണ്ട്. കഴിഞ്ഞ തവണ 51 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരം പിടിച്ചത്. 17 സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായിരുന്നത്.
ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് 101 വാര്‍ഡുകളില്‍ 28 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. 16 ഇടത്ത് എല്‍ഡിഎഫും 13 ഇടത്ത് യുഡിഎഫും മുന്നേറുന്നു. കഴിഞ്ഞതവണ 54 സീറ്റുകളുമായാണ് എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചത്. എന്‍ഡിഎ 34 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.

