ഓൺലൈൻ തട്ടിപ്പ്;ട്രേഡിങ് വഴി ഉയർന്നലാഭം വാഗ്ദാനം; തട്ടിപ്പിൽ വീണ തായലങ്ങാടിയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 42 കാരന്റെ 66 ലക്ഷം പോയി

കാസർകോട്: ഓൺലൈൻ ട്രേഡിങിലെ തട്ടിപ്പുകളെ കുറിച്ച് പൊലീസും സർക്കാരുകളും ജാഗ്രതപാലിക്കാൻ നിർദേശിച്ചിട്ടും അനുദിനം നിരവധി പേർ ചതിക്കുഴിയിൽ വീഴുന്നു. ഇത്തരത്തിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ആൾ വഴി കാസർകോട് തായലങ്ങാടിയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 42 കാരന് നഷ്ടമായത് 66 ലക്ഷം രൂപയാണ്. അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന കോട്ടയം പെരുന്ന സ്വദേശിയായ യുവാവ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചു. കഴിഞ്ഞ മാർച്ചു മുതൽ ഈമാസം ഏഴു വരെ യുവാവിന്റെയും ഭാര്യയുടെയും സഹോദരന്റെ ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നായി വിവിധ അക്കൗണ്ടുകളിലേക്ക് 66,06,874 രൂപ അയപ്പിക്കുകയായിരുന്നു അജ്ഞാത സംഘം. പിന്നീട് ലാഭമോ, നിക്ഷേപമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതി.
ഫേസ്ബുക്ക് വഴിയാണ് ട്രേഡിങിനെ കുറിച്ച് യുവാവ് പരിചയപ്പെടുന്നത്. മലപ്പുറം സ്വദേശികളായ ചിലർ പിന്നീട് വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത് ട്രേഡിങിനെ കുറിച്ച് പരിചയപ്പെടുത്തി. ആദ്യം 10000 രൂപ കമ്പനിയിൽ നിക്ഷേപിച്ചപ്പോൾ ചെറിയ തുക ലാഭവും മുടക്കുമുതലും തിരിച്ചു കിട്ടിയതായി പരാതിക്കാരൻ പറയുന്നു.
പിന്നീട് ഒരു ലക്ഷം രൂപ ഇട്ടതിന് ശേഷം ബ്ലാക് മെയിൽ ആരംഭിച്ചു. ആറുമാസത്തിനുള്ളിൽ 66 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. യുകെ കേന്ദ്രമാക്കിയുള്ള കമ്പനിയുടെ ആളുകളാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

