KSDLIVENEWS

Real news for everyone

കോൺഗ്രസ് ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡിൽ അടുക്കള കൂട്ടിയവരെയും ഇപ്പോൾ കാണാനില്ല ‘ ; ഇന്ധന വിലവർദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിലാക്കി ഉമ്മൻചാണ്ടി

SHARE THIS ON

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്ബോള്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും യു.പി.എ. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയതും മാതൃകയാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്രവിപണിയില്‍ യു.പി.എയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ന്നത്. ഇന്ധനവില വര്‍ദ്ധന വന്‍ വിലക്കയറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യു.പി.എയുടെയും യു.ഡി.എഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡില്‍ അടുക്കള കൂട്ടിയവരെയും ഇപ്പോള്‍ കാണാനില്ല. കോവിഡ് മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയെങ്കിലും കുറച്ച്‌ സമാശ്വാസം എത്തിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!