ബാവിക്കര റഗുലേറ്റർ ഉദ്ഘാടനം ഇന്ന്: ഇനി കുടിക്കാം, തെളിനീർ

ബോവിക്കാനം: ജല വിഭവ വകുപ്പിന്റെ ബാവിക്കര കുടിവെള്ളപദ്ധതി പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് പണിത റഗുലേറ്റർ ഉദ്ഘാടനം ഞായറാഴ്ച നടക്കും. പയസ്വിനി, കരിച്ചേരി പുഴകളുടെ സംഗമസ്ഥാനത്തിന് തൊട്ടു താഴെ ഭാഗത്തായി 120.4 മീറ്റർ നീളവും നാല് മീറ്റർ ഉയരവും 250 കോടി ലിറ്റർ വെള്ളം സംഭരിക്കാനും കഴിയുന്ന റഗുലേറ്റർ 35 കോടി രൂപ ചെലവിലാണ് പണിതത്. ഉച്ചകഴിഞ്ഞ് രണ്ടിന് ബാവിക്കര പദ്ധതി പ്രദേശത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാരായ കെ.കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന് എന്നിവർ മുഖ്യാഥിതികളാകും.
കാസർകോട് നഗര സഭയിലെയും പരിസര പഞ്ചായത്തുകളായ മധൂർ, മുളിയാർ, ചെങ്കള, മൊഗ്രാൽ പുത്തൂർ, ചെമ്മനാട് എന്നിവിടങ്ങളിലെയും രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും മുളിയാർ, ബേഡഡുക്ക, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലെ കാർഷിക മേഖലയ്ക്ക് പുത്തനുണർവേകുന്നതിനും കഴിയും.
ബാവിക്കരയിലുള്ള പദ്ധതിയെയാണ് കാസർകോട് നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും ഒരുലക്ഷത്തോളം പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
വേനലിൽ പയസ്വിനി പുഴയിലെ നീരൊഴക്ക് കുറയുമ്പോൾ വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറും. ഇത് തടയുന്നതിന് വർഷങ്ങളായി ബാവിക്കരയിൽ ലക്ഷങ്ങൾ ചെലവിൽ ചാക്ക് തടയണയാണ് പണിതിരുന്നത്. പലപ്പോഴും തടയണയുടെ ആയുസ് ചുരുങ്ങിയ ദിവസങ്ങൾ മാത്രവുമാകും.
കർണാടകയിലെ മടിക്കേരി, സുള്ള്യ ഭാഗങ്ങളിലുണ്ടാകുന്ന വേനൽമഴയെ തുടർന്ന് പയസ്വിനി പുഴയിൽ നീഴൊഴുക്ക് വർധിക്കുന്നതാണ് തടയണ തകരാനിടയാക്കുന്നത്. പിന്നീട് നീരൊഴക്ക് കുറയുന്നതോടെ പദ്ധതിപ്രദേശത്ത് വലിയതോതിൽ ഉപ്പുവെള്ളം കയറുന്നു.
പ്ലാസ്റ്റിക് ചാക്ക് തടയണ നിർമിക്കുന്നതിലൂടെ ഓരോ വർഷവും പയസ്വിനി പുഴയിലുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നവും ചെറുതല്ല.
വർഷത്തെ കാത്തിരിപ്പ്
:1993-ൽ 95 ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കിയ പദ്ധതിയാണ് ആവശ്യമായ മാറ്റങ്ങളോടെ 35 കോടി രൂപ ചെലവിൽ ഇപ്പോൾ പൂർത്തിയായത്. 2017 ലാണ് 27.75 കോടിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി ലഭിച്ചത്. 2018 സപ്തംബർ മാസത്തിൽ ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിക്കുവേണ്ടി ടി.എ.അബ്ദുൾ റഹ്മാൻ കരാറിലേർപ്പെട്ടു. കോവിഡ് കാലത്ത് പ്രത്യേക അനുമതിയോടെയായിരുന്നു പണി നടത്തിയത്.
കാസർകോട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരംകാണാനുതകുന്ന നബാർഡിന്റെയും കിഫ്ബിയുടെയും നിരവധി പദ്ധതികൾ പൂർത്തിയായിവരുന്നുണ്ട്. ബാവിക്കര കുന്നിലുള്ള ശുദ്ധീകരണ പ്ളാന്റിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. തടയണ പൂർത്തിയായി ആവശ്യത്തിന് വെള്ളം സംഭരിക്കാൻകഴിയുന്നതോടെ വർഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

