നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും – മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർസുനിൽ അറോറ. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകൾ പ്രശ്നബാധിതമാണെന്നും ഈ ജില്ലകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനിൽ അറോറ വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. 40,000 പോളിങ് ബൂത്തുകൾ ഇത്തവണ ക്രമീകരിക്കും. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കാൻ തീരുമാനിച്ചതായും സുനിൽ അറോറ അറിയിച്ചു.
ഏപ്രിൽ രണ്ടാം വാരത്തിനു മുമ്പായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷു, ഈസ്റ്റർ, റമദാൻ എന്നിവയും പരീക്ഷകളും പരിഗണിച്ച് തീയതി നിശ്ചയിക്കണമെന്ന് സർക്കാറും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. മാർച്ചിലാണ് എസ്എസ്എൽസി പരീക്ഷ. മേയിൽ സിബിഎസ്ഇ പരീക്ഷയും. ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും പരീക്ഷകളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷൻ പിന്നീടു ഡൽഹിയിൽ പ്രഖ്യാപിക്കും.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമ്പോൾ അതു ക്രമസമാധാന പ്രശ്നമാണെങ്കിൽ മാത്രമേ ഇടപെടൂ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പ്രതികരിച്ചു.സമൂഹമാധ്യമങ്ങളുടെ സംഘടനകൾ തയാറാക്കിയ പെരുമാറ്റച്ചട്ടം ഇത്തവണ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു

