KSDLIVENEWS

Real news for everyone

സോണിയ രാജ്യസഭയിലേക്ക് പത്രിക നല്‍കി; ഒഡീഷയില്‍ അശ്വിനി വൈഷ്ണവിന് BJD പിന്തുണ

SHARE THIS ON

ജയ്പുര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കി. രാജസ്ഥാനില്‍ നിന്നാണ് അവര്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഇന്ന് രാവിലെ ജയ്പുരിലെത്തിയ സോണിയ രാജസ്ഥാന്‍ നിയമസഭയിലെത്തി പത്രിക നല്‍കി. കാല്‍നൂറ്റാണ്ടു കാലത്തെ ലോക്‌സഭാ അംഗത്വത്തിന് വിരാമമിട്ടുകൊണ്ടാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള നിലവിലെ ലോക്‌സഭാംഗം കൂടിയാണ് സോണിയ. 1999 മുതല്‍ അവര്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.  രാജസ്ഥാനില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്. ആ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗഹ്‌ലോത്, സച്ചിന്‍ പൈലറ്റ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ,സംസ്ഥാനത്തെ പാര്‍ട്ടിയുടെ മറ്റു മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍ തുടങ്ങിയവരെല്ലാം സോണിയയുടെ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി രാജസ്ഥാന്‍ നിയമസഭയിലെത്തിയിരുന്നു.  ബിഹാര്‍,ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചു. ഹിമാചലില്‍ മനു അഭിഷേക് സിങ്‌വിയും ബിഹാറില്‍ അഖിലേഷ് പ്രസാദ് സിങും, മഹാരാഷ്ട്രയില്‍ ചന്ദ്രകാന്ത് ഹാന്‍ഡോറും രാജ്യസഭയിലേക്ക് പത്രിക നല്‍കും. ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതിനിടെ രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ബിജെപിയുടെ രണ്ടാം ലിസ്റ്റ് പുറത്ത് വന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കും. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും അശ്വിനി വൈഷ്ണവിനെ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. 2019-ലും ബിജെഡിയുടെ പിന്തുണയോടെയാണ് അശ്വിനി വൈഷ്ണവ് രാജ്യസഭയിലേക്കെത്തിയത്. ഒഡീഷയില്‍ രാജ്യസഭയിലേക്ക് ഒരു സ്ഥാനാര്‍ഥിയെ ഒറ്റയ്ക്ക് നിര്‍ത്തി ജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കില്ല. മൂന്ന് സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവുള്ളത്. ഇതില്‍ മൂന്നിലും ജയിക്കാന്‍ ബിജെഡിക്ക് കരുത്തുണ്ടെങ്കിലും രണ്ട് സ്ഥാനാര്‍ഥികളെ മാത്രമാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്നാമത്തെ സീറ്റിലാണ് അശ്വിനി വൈഷ്ണവിന് പിന്തുണ നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിയായ അശ്വിനി വൈഷ്ണവ് രാഷ്ട്രീയത്തിലിറങ്ങുമുമ്പ് 2010 വരെ ഒഡീഷയിലാണ് സിവില്‍സര്‍വീസിലുണ്ടായിരുന്നത്.  മറ്റൊരു കേന്ദ്ര മന്ത്രി എല്‍.മുരുഗന്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!