KSDLIVENEWS

Real news for everyone

കര്‍ഷകരെ എതിരിടാൻ LRAD ഉപകരണങ്ങള്‍, ഡ്രോണുകളില്‍ കണ്ണീര്‍വാതകം; കൂറ്റൻ പട്ടംപറത്തി നേരിട്ട് കര്‍ഷകര്‍ | Video

SHARE THIS ON

ന്യൂഡല്‍ഹി: ‘ഡല്‍ഹി ചലോ’ മാർച്ചിനെ നേരിടാൻ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ക്കും കണ്ണീർവാതക ഷെല്ലുകള്‍ക്കും പുറമെ ലോങ് റേഞ്ച് അക്വാസ്റ്റിക് ഡിവൈസ് (എല്‍ആർഎഡി) ആയുധങ്ങള്‍ കർഷകർക്കുനേരെ പോലീസ് ഉപയോഗിക്കുന്നതായി റിപ്പോർട്ട്.

ജനകൂട്ടത്തെ നിയന്ത്രിക്കാനാണ് ഉഗ്രശബ്ദത്തോടെ പ്രവർത്തിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ പോലീസ് പ്രയോഗിക്കുന്നത്. പ്രതിഷേധക്കാരുടെ കേള്‍വിശക്തിയ്ക്ക് ഇത് തകരാർ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ജനകൂട്ടത്തെ നിയന്ത്രിക്കാനായി അമേരിക്കൻ ആർമി വികസിപ്പിച്ചെടുത്തതാണ് എല്‍ആർഎഡി. 2013-ല്‍ ആണ് ഡല്‍ഹി പോലീസിന് ഇത്തരം ആയുധങ്ങള്‍ വാങ്ങിയത്.

അതേസമയം, പോലീസുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ പഞ്ചാബ്- ഹരിയാന ശംഭു അതിർത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കർഷകർ. ബാരിക്കേഡുകള്‍ തകർത്ത് മുന്നോട്ടുപോകാനാണ് പ്രതിഷേധക്കാരുടെ ശ്രമം. യുവകർഷകരില്‍ ചിലർ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ട്രാക്ടർ ഉപയോഗിച്ച്‌ വലിച്ചുനീക്കുന്നുമുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകഷെല്ലുകള്‍ പ്രയോഗിച്ചതോടെ സംഘർഷം രൂക്ഷമാകുകയാണ്. എന്നാല്‍ പോലീസിന്റെ പ്രതിരോധം കർഷകർ തകർക്കുന്ന കാഴ്ചകളും അതിർത്തിയിലുണ്ട്.

https://twitter.com/i/status/1757741773697478831

കണ്ണീർ വാതക ഷെല്ലുകള്‍ ഡ്രോണുകളില്‍ ഘടിപ്പിച്ച്‌ കർഷകർക്കുനേരെ പ്രയോഗിക്കുകയാണ് പോലീസ് കഴിഞ്ഞദിവസം ചെയ്തത്. ബുധനാഴ്ചയും ഇതേമാർഗ്ഗം സ്വീകരിച്ചെങ്കിലും പട്ടങ്ങള്‍ പറത്തിയാണ് കർഷകർ ഡ്രോണുകളെ നേരിടാനിറങ്ങിയത്. തങ്ങള്‍ക്കുമുകളിലൂടെ കണ്ണീർവാതക ഷെല്ലുകളുമായി പറക്കുന്ന ഡ്രോണുകളെ പട്ടം പറത്തി പിടികൂടാനാണ് കർഷകർ ശ്രമിക്കുന്നത്. പട്ടങ്ങളുടെ നീളത്തിലുള്ള ചരട് ഡ്രോണുകളുടെ റോട്ടറുകള്‍ക്കിടയില്‍ കുടുക്കി അവയുടെ നിയന്ത്രണം തകർക്കുന്നതാണ് തന്ത്രം.

വായ്പപ്പലിശയിളവ്, താങ്ങുവില നിയമപരമാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുമായി കർഷകസംഘടനകള്‍ പ്രഖ്യാപിച്ച ‘ഡല്‍ഹി ചലോ’ മാർച്ചിനെ പഞ്ചാബ്-ഹരിയാണ അതിർത്തികളില്‍ പോലീസ് തടയാൻ ശ്രമിച്ചതോടെയാണ് ചൊവ്വാഴ്ച സംഘർഷമുടലെടുത്തത്. 24 പോലീസ് ഉദ്യോഗസ്ഥർക്കും 30-ലധികം സമരക്കാർക്കും ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. ഖനോരി അതിർത്തിയിലും കുരുക്ഷേത്രയിലും പോലീസുമായി കർഷകർ ഏറ്റുമുട്ടി. സമരം അക്രമാസക്തമായതോടെ കർഷകർക്ക് ചൊവ്വാഴ്ച മുന്നോട്ടുനീങ്ങാനായില്ല.

കാർഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ നാലുവർഷം മുമ്ബ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് കർഷകരാണ് ഡല്‍ഹി അതിർത്തികളില്‍ എത്തിയത്. അന്നും പ്രതിഷേധക്കാരെ തടയാൻ വലിയ സന്നാഹമായിരുന്നു പോലീസ് തീർത്തത്. സിമന്റ് ബാരിക്കേഡ്, മുള്ളുവേലികള്‍, ഷിപ്പിങ് കണ്ടെയ്നറുകള്‍ എന്നിവയെല്ലാം അതിർത്തികളില്‍ സജ്ജമാക്കിയിരുന്നു. കണ്ണീർവാതകം, റബ്ബർ ബുള്ളറ്റ്, ലാത്തിചാർജ് എന്നിവ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു കർഷകരെ അന്ന് നേരിട്ടത്. എങ്കിലും അന്ന് കർഷകരുടെ സമരം വിജയംകാണുകയും ആവശ്യങ്ങള്‍ക്കുമുന്നില്‍ സർക്കാർ മുട്ടുമടക്കുകയും ചെയ്തിരുന്നു.

2024-ലും പ്രക്ഷോഭത്തെ പോലീസ് നേരിടുന്നത് സമാന രീതിയിലാണ്. എന്നാല്‍, രാജ്യതലസ്ഥാനത്തേക്കെത്തുന്ന കർഷകർ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ആറുമാസക്കാലം പ്രക്ഷോഭം തുടരുമെന്നും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, പ്രശ്നപരിഹാരം എങ്ങനെ സാധ്യമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!