KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ NCP രാജ്യസഭാ സ്ഥാനാർഥി; വീണ്ടുമെത്തുന്നത് നാലുവർഷം കാലാവധി ബാക്കിനിൽക്കെ

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എന്‍.സി.പി. പാര്‍ട്ടിക്ക് ലഭിച്ച ഏക സീറ്റില്‍ പ്രഫുല്‍ പട്ടേലിനെ നാമനിര്‍ദേശം ചെയ്യുന്നതായി എന്‍.സി.പി. അധ്യക്ഷന്‍ അജിത് പവാറിന്റെ ഓഫീസിനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തു. നാലു വര്‍ഷത്തെ രാജ്യസഭാ കലാവധി ബാക്കി നില്‍ക്കെയാണ് പ്രഫുല്‍ പട്ടേലിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നത്.  ചില സാങ്കേതിക കാരണങ്ങളാലാണ് പ്രഫുല്‍ പട്ടേലിനെ സ്ഥാനാര്‍ഥിയാക്കുന്നതെന്ന് എന്‍.സി.പി. മഹാരാഷ്ട്ര അധ്യക്ഷന്‍ സുനില്‍ താത്കറെ അറിയിച്ചു. എന്‍.സി.പി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ പ്രഫുല്‍ പട്ടേല്‍ നിലവിലെ എം.പി. സ്ഥാനം രാജിവെച്ചാവും വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.  പ്രഫുല്‍ പട്ടേല്‍ വ്യാഴാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. 2022 ജൂണില്‍ രാജ്യസഭാ എം.പിയായ പ്രഫുല്‍ പട്ടേലിന് 2028 വരെ കാലാവധിയുണ്ട്. അവിഭക്ത എന്‍.സി.പിയുടെ പ്രതിനിധിയായാണ് അന്ന് രാജ്യസഭയിലേക്ക് എത്തിയത്. പിന്നീട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ പിളര്‍ത്തി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം മഹാരാഷ്ട്രയില്‍ അധികാരത്തിലുള്ള ബി.ജെ.പി- ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചിരിക്കുന്നത് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയെയാണ്. ആറു സീറ്റുകളാണ് മഹാരാഷ്ട്രയില്‍ രാജ്യസഭയിലേക്ക് ഒഴിവുവരുന്നത്. മൂന്ന് സീറ്റില്‍ ബി.ജെ.പിക്കും ഒരോ സീറ്റില്‍ എന്‍.സി.പിക്കും ശിവസേനക്കും കോണ്‍ഗ്രസിനും തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും.  കോണ്‍ഗ്രസ് വിട്ടെത്തിയ അശോക് ചവാനെയും മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ മേധാ കുല്‍ക്കര്‍ണിയേയും അജിത് ഗോപ്ചഡെയുമാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് വിട്ടെത്തിയ മറ്റൊരു നേതാവ് മിലിന്ദ് ദേവ്‌റയാണ് ശിവസേന സ്ഥാനാര്‍ഥി. മറ്റ് അട്ടിമറികള്‍ ഒന്നുമില്ലെങ്കില്‍ ചന്ദ്രകാന്ത് ഹാന്‍ഡോര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തും. പ്രധാനമായും മൂന്ന് നേതാക്കളാണ് അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് വിവിധ പാര്‍ട്ടികളില്‍ ചേക്കേറിയത്. അതില്‍ ബി.ജെ.പിയിലും ശിവസേനയിലും എത്തിയ നേതാക്കള്‍ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍, എന്‍.സി.പിയിലെത്തിയ ബാബാ സിദ്ധിഖിക്ക് രാജ്യസഭാ സീറ്റ് കിട്ടിയില്ലെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് വിട്ട മിലിന്ദ് ദേവ്‌റ ശിവസേനയില്‍ ചേര്‍ന്നത് നിലവില്‍ അവരുടെ കൈയിലുള്ള മുംബൈ സൗത്ത് ലോക്‌സഭാ സീറ്റ് ലക്ഷ്യമിട്ടാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2004-ലും 2009-ലും മുംബൈ സൗത്ത് എം.പിയായിരുന്ന മിലിന്ദ് 2014-ലും 2019-ലും ശിവസേനയിലെ അരവിന്ദ് ഗണപത് സാവന്തിനോട് പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!