മോദി ഉറ്റസുഹൃത്ത്, സൈനികവ്യാപാരം വര്‍ധിപ്പിക്കും: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ധാരണ

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ രാജ്യത്തലവനാണ് മോദി. വിവിധ വിഷയങ്ങള്‍ ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് വൈറ്റ് ഹൗസിലെ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷവും ബന്ധം തുടര്‍ന്നു. ഇന്ത്യയ്ക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സൈനികവ്യാപാരം വര്‍ധിപ്പിക്കും. എഫ്- 35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കുകയെന്ന് ഇന്ത്യ- മിഡില്‍ ഈസ്റ്റ്- ഈസ്റ്റ് യൂറോപ്യന്‍ വ്യാപാര ഇടനാഴിയെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.
ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. ട്രംപിന്റെ ആദ്യകാലയളവിലേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. യു.എസിന്റെ ദേശീയ താത്പര്യങ്ങള്‍ക്കാണ് ട്രംപ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. അദ്ദേഹത്തെപ്പോലെ താനും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മോദി വ്യക്തമാക്കി.

