മുന്നിൽ കിണർ, പിന്നിൽ കിടങ്ങ്; മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്രക്കയറ്റുമതിക്കാരെയും വഞ്ചിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം പരത്തുകയാണെന്നും രാജ്യത്തെ പരുത്തി മേഖലയെയും വസ്ത്ര വ്യവസായത്തെയും ആഴത്തിൽ മുറിപ്പെടുത്തുന്ന രീതിയിലാണ് സർക്കാർ കരാറുകൾ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയിൽ ബംഗ്ലാദേശിന് 0% താരിഫ് ആനുകൂല്യം ലഭിക്കുമ്പോൾ ഇന്ത്യൻ വസ്ത്രങ്ങൾക്ക് 18% നികുതി ചുമത്തുന്നതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ പരുത്തി ഇറക്കുമതി ചെയ്യുക എന്ന നിബന്ധനയിലാണ് ബംഗ്ലാദേശിന് ഈ വലിയ ആനുകൂല്യം ലഭിക്കുന്നത്. ഇതേ ആനുകൂല്യം ഇന്ത്യയ്ക്ക് വേണമെങ്കിൽ അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് മോദി സർക്കാർ പാർലമെന്റിൽ മറുപടി നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം എന്തുകൊണ്ടാണ് ഇതുവരെ രാജ്യത്തോട് മറച്ചുവെച്ചതെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ ഈ നയം ഇന്ത്യയെ ഒരു കെണിയിൽ വീഴ്ത്തിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം പരുത്തി കർഷകർ നശിക്കും, എന്നാൽ ഇറക്കുമതി ചെയ്തില്ലെങ്കിൽ നമ്മുടെ വസ്ത്ര വ്യവസായം വിദേശ രാജ്യങ്ങളോട് മത്സരിക്കാനാവാതെ തകരുകയും ചെയ്യും. “മുന്നിൽ കിണറും പിന്നിൽ കിടങ്ങും” എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും കൂടാതെ ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കാനോ നിർത്താനോ ബംഗ്ലാദേശ് ആലോചിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഉപജീവനത്തിന്റെ നട്ടെല്ലാണ് പരുത്തി കൃഷിയും വസ്ത്ര വ്യവസായവും. കോടിക്കണക്കിന് ആളുകളുടെ നിത്യഭക്ഷണമാണ് ഈ മേഖലയെ ആശ്രയിച്ചിരിക്കുന്നത്. ഈ മേഖലകളെ തകർക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഗുരുതരമായ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകുന്ന ദീർഘവീക്ഷണമുള്ള ഒരു സർക്കാർ കർഷകരെയും കയറ്റുമറ്റിക്കാരെയും ഒരുപോലെ സംരക്ഷിക്കുന്ന കരാറുകളായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. എന്നാൽ ഇതിന് വിപരീതമായി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഇരു മേഖലകളെയും ദോഷകരമായി ബാധിക്കുന്ന കരാറിലാണ് ഒപ്പിട്ടതെന്നും അദ്ദേഹം വിമർശിച്ചു.

