പഞ്ചാബ് മർകസ് സെൻട്രൽ കാമ്പസ് ഉദ്ഘാടന സമ്മേളനം പ്രൗഢമായി

സർഹിന്ദ്: മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ നാഴികകല്ലായി പഞ്ചാബ് മർകസ് സെൻട്രൽ കാമ്പസ് ഉദ്ഘാടന സമ്മേളനത്തിന് പ്രൗഢ സമാപനം. സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മർകസ് ഗോൾഡൻ ജൂബിലി ദേശീയ പദ്ധതികളുടെയും ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കാമ്പസ് പഞ്ചാബിലെ വിദ്യാഭ്യാസ – സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള സ്ഥാപനത്തിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സംവിധാനം, ഗൈഡൻസ് സെന്റർ, പബ്ലിക് ലൈബ്രറി, യുവാക്കൾക്കും പെൺകുട്ടികൾക്കുമുള്ള ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
മർകസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ഐറിസ് ഫൗണ്ടേഷന്റെ കീഴിൽ 25 ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്ന അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെന്ററുകൾ, ഹിഫ്‌ളുൽ ഖുർആൻ മദ്റസകൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമായി പുതിയ കാമ്പസ് മാറും.
ഇമാം റബ്ബാനി ദർഗാ സിയാറത്തോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിൻ്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി നടന്ന പഞ്ചാബ് ഉലമാ സമ്മിറ്റ്, നാഷനൽ എൻ.ജി.ഒ കോൺഫറൻസ്, എസ്.എസ്.എഫ് സ്റ്റുഡൻസ് അസംബ്ലി, എജ്യു സമ്മിറ്റ്, ഇന്റർ ഫെയ്ത്ത് ടോളറൻസ് സമ്മിറ്റ്, റബ്ബാനി ദസ്താർ ബന്ദി,പൊതു സമ്മേളനം എന്നിവയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പണ്ഡിതരും കമ്മ്യൂണിറ്റി ലീഡേഴ്സും വിദ്യാഭ്യാസ പ്രവർത്തകരുമുൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉലമാ സമ്മിറ്റ് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ഇസ്ലാമിക പണ്ഡിതർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
ഇന്റർഫെയ്ത് ഡയലോഗ് സെഷനിൽ ഫതേഹ്ഗഢ് സിക് ഗുരുദ്വാര ഹെഡ് ഗ്രന്ഥി ഹർപൽ സിംഗ് സ്നേഹസന്ദേശം കൈമാറി. ഡൽഹി മുൻ കാമ്പിനറ്റ് മിനിസ്റ്റർ ഇംറാൻ ഹുസൈൻ, സിപത്തന എം.എൽ.എ രൂപീന്ദർ സിംഗ് ഹാബി, ഫതേഹ്ഗഢ് എം.എൽ.എ ലക്ബീർ സിംഗ് റായിജി തുടങ്ങിയവർ വിശിഷ്ടാതിഥികളായി. വൈകീട്ട് നടന്ന സമാപന പൊതു സമ്മേളനം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഓൺലൈനിലൂടെ സന്ദേശ പ്രഭാഷണം നടത്തി. സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, പീർ സയ്യിദ് നിഅമതുള്ള ശാ ജീലാനി, മുഫ്തി അബ്ദുഹീം അക്ബരി, ഉമറലി സഖാഫി പ്രഭാഷണം നടത്തി. മജീദ് കക്കാട്, അബൂ സ്വാലിഹ് സഖാഫി, സയ്യിദ് സുഹൈൽ നൂറാനി അവേലം, അബ്ദുറഷീദ് സഖാഫി സംബന്ധിച്ചു. ഫാളിൽ നൂറാനി സ്വാഗതവും അൻസാർ റബ്ബാനി നന്ദിയും രേഖപ്പെടുത്തി.

