KSDLIVENEWS

Real news for everyone

കേരളത്തിലും സി.എ.എ  നടപ്പാക്കും, തീരുമാനം കേന്ദ്രത്തിന്റേത്; ദേശസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല- അമിത് ഷാ

SHARE THIS ON

ന്യൂഡല്‍ഹി: കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അപേക്ഷകരുടെ അഭിമുഖം സംസ്ഥാനങ്ങള്‍ നടത്തിയില്ലെങ്കില്‍ കേന്ദ്രം നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കില്ലെന്ന തരത്തില്‍ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാര്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പൗരത്വനിയമ ഭേദഗതി ഭരണഘടനാവിരുദ്ധമല്ല. ഭരണഘടനയുടെ പതിനൊന്നാം അനുച്ഛേദം പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങളുണ്ടാക്കാനുള്ള എല്ലാ അധികാരങ്ങളും പാർലമെന്റിന് നൽകുന്നുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്നാണ് കരുതുന്നത്. പ്രീണന രാഷ്ട്രീയത്തിനായി അവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുകയും നുഴഞ്ഞുകയറ്റം തടയുകയും ചെയ്യുന്ന ദിവസം വിദൂരമല്ല. ദേശസുരക്ഷ സംബന്ധിച്ച ഇത്രയും പ്രധാനപ്പെട്ട വിഷയം ഉപയോഗിച്ചാണ് മമത പ്രീണന രാഷ്ട്രീയം കളിക്കുന്നതെങ്കിൽ ജനങ്ങൾ അവരുടെ ഒപ്പമുണ്ടാകില്ല. രാജ്യത്ത് അഭയം പ്രാപിക്കുന്നവരും നുഴഞ്ഞുകയറുന്നവരും തമ്മിലുള്ള വ്യത്യാസം മമതയ്ക്ക് അറിയിയല്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി ഒരിക്കലും പിൻവലിക്കില്ല. രാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുകയെന്നത് രാജ്യത്തിന്റെ പരമാധികാര തീരുമാനമാണ്. ആരുടേയും വാതില്‍ കൊട്ടി അടയ്ക്കാനല്ല നിയമം. അതേസമയം, ഇതൊരു പ്രത്യേക നിയമമാണ്. ദേശസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!