സംഘപരിവാർ തലച്ചോറിൽനിന്ന് ജന്മം കൊണ്ട വിഷലിപ്തമായ നിയമം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘മുസ്‍ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറിൽനിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്. അനധികൃത കുടിയേറ്റക്കാർ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തിൽ വന്നത് 2003ൽ വാജ്പേയ് സർക്കാരിന്റെ കാലത്താണ്. എന്നാൽ ആരാണ് അനധികൃത കുടിയേറ്റക്കാർ എന്നത് നിർവചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019ലെ ഭേദഗതിയാണ് പൗരത്വത്തെ നിർണയിക്കാനുള്ളതിന് അടിസ്ഥാനമാക്കി മതത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കൽപ്പം ഭരണഘടനയുടെ പരിഗണനയിലുള്ളതല്ല. ഭരണഘടനയുടെ 14, 21, 25 ഈ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ മതേതരത്വത്തിന്റെയും ലംഘനമാണ് ഈ നിയമം. മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ ഒരു നിയമം സർക്കാരുകൾക്ക് കൊണ്ടുവരാനാകില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ ഭൂപ്രദേശത്ത് എല്ലാവർക്കും നിയമത്തിനു മുന്നിൽ സമത്വം, തുല്യമായി നിയമസംരക്ഷണം എന്നിവ ഉറപ്പ് നൽകുന്നുണ്ട്. കുടിയേറ്റക്കാരെ മുസ്ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതിലൂടെ ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ ധാർമികതയ്ക്ക് വിഭിന്നമായി മതപരമായ വിഭജനത്തെ നിയമപരമാക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിൽ ആ രാജ്യങ്ങളിൽ പീഡനം നേരിടുന്ന മുസ്‍ലിം ന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉൾപ്പെടുത്താത്തത്? പാക്കിസ്ഥാനിലെ അഹമ്മദീയ മുസ്‍ലിംകൾ, അഫ്ഗാനിസ്ഥാനിലെ അസര വിഭാഗക്കാർ, മ്യാൻമറിലെ റോഹിങ്ക്യൻ വംശജർ, ശ്രീലങ്കയിലെ തമിഴ് വംശജർ എന്നിവരെല്ലാം പൗരത്വത്തിന്റെ പടിക്കു പുറത്താകുന്നത് പൗരത്വ ഭേദഗതി നിയമത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തെയാണ് വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിലും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽനിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് എന്നത് ഓർക്കണം. കുടിയേറിയ മുസ്‍ലിംകളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ യഥാർഥ ലക്ഷ്യം. ബുദ്ധമതക്കാരും ഹിന്ദുക്കളും സിഖുകാരും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്ന് നീക്കം ചെയ്യുമെന്ന് പലവട്ടം കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. എൻആർസി ബംഗാളിൽ മാത്രമല്ല ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുമെന്നും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം പ്രസ്താവിച്ചു. 2019 നവംബർ 21നും 2019 ഡിസംബർ 21നും പാർലമെന്റിൽ അമിത് ഷാ ഇക്കാര്യം ആവർത്തിച്ചു.
എൻആർസി രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നും ഒരു നുഴഞ്ഞുകയറ്റക്കാരനേയും വിടില്ലെന്നുമാണ് അന്ന് പറഞ്ഞത്. കേന്ദ്ര സർക്കാർ 2019ൽ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കി എടുത്തപ്പോൾ തന്നെ അതിനെതിരെ പ്രതിഷേധവുമായി കേരളം ഒന്നിച്ച് അണിനിരന്നു. മതനിരപേക്ഷതയിൽനിന്ന് വ്യതിചലിക്കുന്നത് ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് തുല്യമാണെന്ന് എൽഡിഎഫ് സർക്കാർ അന്ന് വ്യക്തമാക്കി. പൗരത്വഭേദഗതി നിയമം മനുഷ്യത്വവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന നിലപാട് സംസ്ഥാന സർക്കാർ തുടക്കം മുതൽ ആവർത്തിച്ചു. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ ജനസംഖ്യ റജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം.
സിഎഎയിൽ ആദ്യം യോജിച്ച കോൺഗ്രസ് പിന്നീട് ചുവടുമാറ്റി. യോജിച്ച് പ്രക്ഷോഭത്തിനില്ലെന്ന കോൺഗ്രസ് നിലപാട് ജനത്തോടുള്ള വെല്ലുവിളിയാണ്. സാങ്കേതികമായി പ്രതിഷേധിച്ചെന്ന് വരുത്തി കോൺഗ്രസ് എംപിമാർ മൂലയ്ക്കിരുന്നു. പ്രതിഷേധിക്കേണ്ട സമയത്ത് കോൺഗ്രസ് എംപിമാർ അധ്യക്ഷയുടെ വീട്ടിൽ വിരുന്നിനു പോയി. കെ.എം.ആരിഫ് മാത്രമാണ് ആകെ പാർലമെന്റിൽ ശബ്ദമുയർത്തിയത്. ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധി ഭേദഗതി അറിഞ്ഞ മട്ടില്ല.’’– മുഖ്യമന്ത്രി പറഞ്ഞു.