KSDLIVENEWS

Real news for everyone

കാസർകോട് കൊടും ചൂട്: കൊങ്കൺ പ്രദേശത്തോട് ചേർന്നുകിടക്കുന്നതു മൂലമെന്ന് വിദഗ്ധർ

SHARE THIS ON

കാഞ്ഞങ്ങാട്∙ തിളച്ചുതൂവുന്ന കഞ്ഞിക്കലം പോലെ വെന്തെരിയുകയാണ് ജില്ല. ചൂട് ഈ നാടിന് പുതിയ കാര്യമല്ല. എന്നാൽ ഒറിജിനൽ വേനലിലും മുൻപേയുള്ള ഇത്തവണത്തെ ചൂട് അൽപം കടന്നുപോയി. ഇങ്ങനെ ആയാലെങ്ങനാ സൂര്യാ…ചൂടൽപം കുറയ്ക്കെന്ന ആവശ്യത്തിലാണ് കാസർകോട്ടുകാർ. ഏപ്രിലും മേയും കഴിഞ്ഞ് മഴയും മൺസൂണും വരുമ്പോഴേക്കും കത്തിക്കരിയാതിരിക്കാൻ സൂര്യനും അൽപം കനിഞ്ഞേ പറ്റൂ. എങ്കിലും കയ്യിലുള്ള ചില ചെപ്പടിവിദ്യകൾ കാണിച്ച് ഈ ചൂടിനെയും നമുക്ക് അതിജീവിക്കാം. വിവിധ സർക്കാർ വകുപ്പുകളും ജീവനക്കാരും തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ശരീരത്തെ വെയിൽ കൊള്ളിക്കാതെ നോക്കുക. കൂടെയുള്ളവരെയും മൃഗങ്ങളെയും കൃഷിയെയുമെല്ലാം സ്നേഹത്തണലിലേക്ക് മാറ്റുക. അങ്ങനെ ഈ ചൂടിലും നമുക്കൽപം കൂൾ ആകാം…

കാസർകോടിന് എന്തേ ഇത്ര ചൂട്? 
ഇത്തവണ എല്ലാ ജില്ലയിലും തകർപ്പൻ ചൂടുണ്ട്. കാസർകോട്ടുള്ളത് പതിവ് ചൂടാണെന്നാണു വിദഗ്ധർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കാറ്റ് അടിക്കാൻ ഇതുവരെയും തുടങ്ങാത്തതിനാൽ പാലക്കാട് ഇത്തവണ അൽപം പിന്നിലാണ്. താരതമ്യേന ചൂട് കൂടിയ കൊങ്കൺ പ്രദേശങ്ങളോട് ചേർന്നുകിടക്കുന്നതിനാലാണ് ജില്ലയിൽ ചൂട് കൂടുന്നത്. അവിടെനിന്നുള്ള ചൂടുകൂടിയ വായു ജില്ലയിലേക്ക് നീങ്ങിയെത്തും. തമിഴ്നാട്ടിൽ നിന്ന് പാലക്കാടേക്ക് കടക്കുന്ന വരണ്ടവായു ഉണ്ടാക്കുന്ന ഇതേ മാതൃകയിലാണ് ജില്ലയിലും ചൂടുയരുന്നത്. ചെങ്കൽപ്പാറകളും താരതമ്യേന ഉറപ്പുള്ള ഉപരിതല മണ്ണും അതിന്റെ കരുത്ത് ഒന്നുകൂടെ കൂട്ടുമെന്ന് മാത്രം.

2 മാസം 90 തീപിടിത്തം 
2 മാസങ്ങൾകൊണ്ട് 90 തീപിടിത്തങ്ങളാണ് ജില്ലയിൽ ഉണ്ടായത്. വീടും കച്ചവട സ്ഥാപനങ്ങളും കത്തിയ സംഭവങ്ങളും ഇതോടൊപ്പം ഉണ്ടായി. റാണിപുരത്ത് ഹെക്ടർ കണക്കിന് വനഭൂമിയിലാണ് തീപിടിച്ചത്. അൽപം കരുതിയാൽ തീമൂലമുള്ള വലിയദുരന്തം ഒഴിവാക്കാമെന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ പറയുന്നു.

അരുമകളെയും തണുപ്പിക്കണം 
വേനൽച്ചൂട് കനത്തതോടെ പശുക്കളുടെ പാൽ ഉൽപാദനം കുറയുമെന്ന് ആശങ്ക.ഉൽപാദനം കുറഞ്ഞാലും പശുക്കളുടെയും മറ്റ് അരുമ മൃഗങ്ങളുടെയും  ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നു വിദഗ്ധർ പറയുന്നു. വളർത്തു മൃഗങ്ങളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പുറത്ത് വിടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. തീറ്റയിൽ കാൽസ്യം കൂടുതൽ നൽകണം. പച്ചപ്പുല്ല്, ശുദ്ധജലം എന്നിവയും പശുക്കൾക്ക് കൂടുതൽ നൽകണം. 2 തവണ കുളിപ്പിക്കുന്നത് നല്ലതാണ്. അനാരോഗ്യം ഉണ്ടാകുന്ന ലക്ഷണം കണ്ടാൽ ഏറ്റവും അടുത്ത വെറ്ററിനറി ക്ലിനിക്കിൽ ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്. ചൂട് കാലത്ത് എടുക്കേണ്ട മുൻകരുതൽ സംബന്ധിച്ച് എല്ലാവർക്കും ആവശ്യമായ ബോധവൽക്കരണം നൽകുമെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി.പ്രശാന്ത് പറഞ്ഞു.

നിർദേശങ്ങൾ 
∙ അന്തരീക്ഷ ഊഷ്മാവ് വർധിക്കുമ്പോൾ മൃഗങ്ങൾക്ക് വിശപ്പുകുറയും. രാവിലെയും സന്ധ്യയ്ക്കും തീറ്റ നൽ‌കാൻ ശ്രദ്ധിക്കുക. കൂടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുക.
∙ നായ, പൂച്ച തുടങ്ങിയ അരുമമൃഗങ്ങളെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നത് കഴിവതും ഒഴിവാക്കുക. രോമക്കുപ്പായം കൂടുതലുള്ളവയുടെ രോമം വെട്ടി ഒതുക്കുന്നതും അഭികാമ്യം.
∙ മൃഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നാൽ പുലർച്ചെയോ വൈകിട്ടോ മാത്രമായി ഇതിനായി സമയം തിരഞ്ഞെടുക്കുക.
∙ പ്രായം കുറഞ്ഞത്, വലുപ്പം കൂടിയത്, പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രമായവ, കറുത്ത നിറമുള്ളത് എന്നീ വിഭാഗങ്ങളിലുള്ള മൃഗങ്ങളെയാണ് ചൂട് കൂടുതലായി ബാധിക്കുന്നത്.
∙ പശു, കോഴി, പന്നി എന്നിവയ്ക്കായി ഓട്ടമാറ്റിക് ഡ്രിങ്കർ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ പൈപ്പ് ലൈൻ മണ്ണിന്റെ ഉപരിതലത്തിലാണെങ്കിൽ ചൂടു വെള്ളമാകും മൃഗങ്ങൾക്ക് ലഭിക്കുക. പൈപ്പ് ലൈൻ മണ്ണിൽ അര അടി താഴ്ചയിലെങ്കിലും സ്ഥാപിക്കണം.
∙ തൊഴുത്തിൽ സ്പ്രിൻക്ലർ, മിസ്റ്റ് സ്പ്രിൻക്ലർ എന്നിവ ക്രമീകരിക്കുന്നത് നല്ലതാണ്. പശുക്കളുടെ കിതപ്പു കൂടിയാൽ തണുത്ത ചാക്കോ തുണിയോ ദേഹത്ത് ഇട്ടു കൊടുക്കുന്നത് നന്ന്.ആടുകൾക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് ചൂടു താങ്ങാൻ ശേഷി കൂടുതലാണ്.

കുട്ടിക്കളിയല്ല ചൂട്  
പ്രായമുള്ളവരെപ്പോലെ തന്നെ ശ്രദ്ധ കുട്ടികളുടെ കാര്യത്തിലും വേണം. വൃത്തിക്കുറവ് മൂലമുള്ള അസുഖങ്ങൾ ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലുള്ള കാലമാണ് വേനൽ. മലിനജലവും മലിനമായ അന്തരീക്ഷവും വയറിളക്കം, മഞ്ഞപ്പിത്തം, ചൂടുകുരു, ഭക്ഷ്യവിഷബാധ ചിക്കൻപോക്സ്, ടൈഫോയ്ഡ്, ഫംഗസ് തുടങ്ങിയവ എളുപ്പത്തിൽ പിടിപെടാം. പുറത്തിറങ്ങിയാൽ സൂര്യാതപത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ധാരാളം വെള്ളം കുടിക്കുക എന്നതാണ് പോംവഴി. തുറന്നുവച്ച ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. വി.സുരേശൻ നിർദേശിക്കുന്നു. തൊപ്പി, ഗ്ലാസ്, അയഞ്ഞ വസ്ത്രങ്ങൾ തുടങ്ങിയവ ഇക്കാലത്ത് ഉപയോഗിക്കുന്നതാണ് കുട്ടികൾക്ക് അഭികാമ്യമെന്നു തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി പീഡിയാട്രിഷ്യൻ‍ ഡോ. വി.അഭിലാഷ് പറഞ്ഞു.


പ്രായമായവരെ ശ്രദ്ധിക്കണം 
ചീമേനിയിൽ കഴിഞ്ഞദിവസം 92 വയസ്സുകാരൻ പൊരിവെയിലത്ത് വീണുമരിച്ച സംഭവം ഒരു സൂചനയാണ്. പുറത്തിറങ്ങുന്ന സമയത്ത് മുണ്ട് മാത്രമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. വെയിലേറ്റ് വീണതാണോ വീണതിന് ശേഷം വെയിലേറ്റുണ്ടായതാണോ പൊള്ളൽ എന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. വീട്ടിൽ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവർക്ക് നൽകുക, അവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നും ഉഷ്‌ണപാനീയങ്ങളോ മദ്യമോ കുടിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. പകൽസമയത്തെ അവരുടെ യാത്രകളെയും നിയന്ത്രിക്കേണ്ടതായി വരും.

വേനൽമഴ വന്നാൽ ശുദ്ധജലം മുട്ടില്ല 
ജില്ലയിൽ വോർക്കാടി കുടിവെള്ള പദ്ധതിയിൽ നിലവിലുള്ള വേനൽച്ചൂട് കൂടിയാൽ പുഴയിൽ വെള്ളം വറ്റാനുള്ള സാധ്യത ഏറെയാണ്. വേനൽ മഴയെ ആശ്രയിച്ചായിരിക്കും മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം. വെള്ളമെടുക്കുന്ന എല്ലാ പുഴകളിലും ഷട്ടർ അടച്ചിട്ടുണ്ട്. നിലവിലുള്ള ജലവിതാനം നിലനിർത്തുകയാണ് ലക്ഷ്യം. പൈപ്പ് ചോർച്ച തടയാൻ എല്ലാ എഇ മാർക്കും നിർദേശം നൽകിയിട്ടുണ്ട്. 

കയ്യൂർ, ബാവിക്കര, ബിആർഡിസി, അയറോട്ട്, വെസ്റ്റ് എളേരി പദ്ധതികളിൽ ടാങ്കർ ഫില്ലിങ് പോയന്റുകളായി നിർദേശിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ടാങ്കറുമായി എത്തിയാൽ ഇവിടെ നിന്നു വെള്ളം നൽകും. എന്നാൽ നേരത്തെ പണം അടച്ച് റജിസ്റ്റർ ചെയ്ത് കൂപ്പൺ എടുക്കണം. 1000 ലീറ്ററിന് 76.15 രൂപ ആണ് നിരക്ക്. വെള്ളത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കും ഇതിനുള്ള അനുമതി. നിലവിലുള്ള സാഹചര്യത്തിൽ വോർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകൾ ഒഴികെയുള്ള ജല അതോറിറ്റി കുടിവെള്ള പദ്ധതികളിൽ ഏപ്രിൽ മാസം വരെ വലിയ പ്രതിസന്ധിക്കു സാധ്യതയില്ലെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഷർണ രാഘവൻ പറഞ്ഞു.

വിള ഇൻഷുറൻസ് ഉറപ്പാക്കണം 
വരൾച്ച കാലത്ത് വിള ഇൻഷുറൻസ് പദ്ധതിയിൽ എല്ലാ കർഷകർക്കും ആവശ്യമായ ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കൃഷി ഭവനുകൾ തോറും നിർദേശം നൽകിയിട്ടുണ്ടെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. വർഷങ്ങളായി ഉയർന്ന ചൂട് വരുന്നതിനാൽ വിളയിലും പരിപാലനത്തിലും കർഷകർ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. നനയ്ക്കാനുള്ള സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് കർഷകരുടെ ശ്രമം. ഉൽപാദനം കുറഞ്ഞെങ്കിലും വില ഉയർന്നു നിൽക്കുന്നതിനാൽ റബർ വെട്ടുന്നത് ഇപ്പോഴും കർഷകർ തുടരുന്നുണ്ട്. പുതയിടുന്നതാണ് ഇക്കാലത്ത് മികച്ച രീതിയെന്ന് ജില്ലാ പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ പി.രാഘവേന്ദ്ര പറയുന്നു. ഈർപ്പം നിലനിൽക്കുമെന്നു മാത്രമല്ല കുറഞ്ഞ വെള്ളത്തിന്റെ ഉപയോഗം മതിയാകും. നല്ല ഉൽപാദനവും കിട്ടും. വെള്ളം ലഭിക്കേണ്ട ഭാഗത്ത് മാത്രമായിരിക്കണം ജലസേചനമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.


∙ വാഴ: ഫെബ്രുവരി– മാർച്ചിലാണ് കുല വരുന്നത്. നന്നായി വാഴ നനയ്ക്കേണ്ട സമയമാണ്. കേരള അഗ്രികൾചറൽ സർവകലാശാലയുടെ വാഴയ്ക്കായുള്ള സമ്പൂർണ മൾട്ടി മിക്സ് 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുന്നത് നല്ലതാണ്. 
∙ തെങ്ങ്: നമ്മുടെ നാട്ടിൽ തെങ്ങ് നനയ്ക്കുന്നത് പതിവില്ല. എന്നാൽ തെങ്ങ് നനയ്ക്കുന്നത് കൂടുതൽ ആദായം നൽകും. 
∙ നെല്ല്: നെല്ലിന് കാലാവസ്ഥ 
നല്ലതാണ്. എന്നാൽ ചൂട് വർധിച്ചാൽ വെള്ളം കയറ്റി താപനില നിയന്ത്രിക്കാം. 
∙ കുരുമുളക്, പൈനാപ്പിൾ: വെള്ളം നനച്ച് നൽകേണ്ട സമയമാണ്. 
∙ പച്ചക്കറി: പച്ചക്കറികൾ നനച്ച് നൽകണം. പ്രാണിശല്യം ഉണ്ടാകാവുന്ന സമയമാണ്. വൈറസ് ആക്രമണവും വർധിക്കാൻ സാധ്യതയുണ്ട്. വേപ്പെണ്ണ മിശ്രിതം തളിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!