മുജ്തബ ഖാംനഈയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടിയോളം രൂപ ഇനാം പ്രഖ്യാപിച്ച് അമേരിക്ക

ഡൽഹി: ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെകുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ദശലക്ഷം ഡോളർ (ഏകദേശം 92.47 കോടി രൂപ) ആണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
മുജ്തബ ഖാംനഈക്ക് പുറമെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐ ആർ ജി സി) മുതിർന്ന ഉദ്യോഗസ്ഥർക്കും ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിക്കും എതിരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടും തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇവർക്ക് പങ്കുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
ഫെബ്രുവരി 28ന് മുൻ പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം കടുപ്പിച്ചത്. വരും ദിവസങ്ങളിൽ ഇറാന് മേൽ ശക്തമായ ആക്രമണങ്ങൾ തുടരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

