KSDLIVENEWS

Real news for everyone

അബുദാബിയിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ ആക്രമണം

SHARE THIS ON

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ അബുദാബിയിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നാവികസേന ആക്രമണം നടത്തിയതായി റിപ്പോർട്ട്. മേഖലയിലെ രണ്ടു സൈനിക താവളങ്ങളിലെ യുഎസ് സേനയ്‌ക്കെതിരെ ഇറാനിയൻ നാവികസേന തുടർച്ചയായ ആക്രമണം നടത്തിയതായി ഐആർജിസിയുടെ നാവികസേനാ മേധാവി അഡ്മിറൽ അലിരേസ തങ്‌സിരി പറഞ്ഞു.

അബുദാബിയിലെ അൽ-ദഫ്രയിലും ബഹ്‌റൈനിലെ ഷെയ്ഖ് ഈസയിലുമാണ് ആക്രമണം ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ടു ചെയ്തു. പേട്രിയറ്റ് റഡാർ സംവിധാനങ്ങൾ, വിമാനങ്ങൾ, വിമാന ഇന്ധന സംഭരണ ടാങ്കുകൾ എന്നിവയാണ് ഇറാൻ ലക്ഷ്യമിട്ടതെന്ന് നാവികസേന മേധാവി അവകാശപ്പെട്ടു.

അതേസമയം, ഇറാൻ വൻകരയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന അഞ്ച് മൈൽ നീളമുള്ള ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം ഉണ്ടായി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ ദ്വീപ് വഴിയാണ് നടക്കുന്നത്. യുഎസ്-ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇറാനിലെ ഏകദേശം 5,000 കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ഖാർഗ് ദ്വീപിനെ ഇതുവരെ ഒഴിവാക്കിയിരുന്നു.

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നിലവിൽ ദ്വീപിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കേണ്ടെന്ന് താൻ തീരുമാനിച്ചതായും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!