KSDLIVENEWS

Real news for everyone

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ; 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു

SHARE THIS ON

ന്യൂഡൽഹി: മെയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂൺ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാർഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക.വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പൊതുപരീക്ഷകൾ റദ്ദാക്കുകയോ, ഓൺലൈൻ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെയുളളവർ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നത്.

പത്താംതരം, പ്ലസ്ടു പരീക്ഷകൾ മെയ് നാലിന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. ഓഫ്ലൈൻ എഴുത്തുപരീക്ഷയായിരിക്കും നടത്തുകയെന്നും കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന പരീക്ഷയായതിനാൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി വൻ ക്രമീകരണങ്ങൾ നടത്തിയിട്ടുളളതായും സിബിഎസ്ഇ അറിയിച്ചിരുന്നു.

പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 30-40 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ പരീക്ഷ എഴുതാൻ സാധിക്കാതെ വരുന്നവർക്ക് ജൂൺ 11 ന് മുമ്പായി പരീക്ഷ എഴുതാൻ ഒരവസരം കൂടി നൽകും. സൗകര്യത്തിന് അനുസരിച്ച് വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ മാറ്റാം തുടങ്ങിയ നിർദേശങ്ങളും സിബിഎസ്ഇ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ ഹോട്ട്സ്പോട്ടുകളായി മാറിയേക്കാമെന്ന് ആശങ്ക ഉയർന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവർ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ആറുലക്ഷം കുട്ടികളാണ് പൊതുപരീക്ഷ എഴുതുന്നതെന്നും ഒരുലക്ഷത്തോളം അധ്യാപകർ ജോലിയിൽ ഉണ്ടാകുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അതിനാൽ പരീക്ഷാനടത്തിപ്പ് വലിയ കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. അതിനാൽ ഓഫ്ലൈൻ എഴുത്തുപരീക്ഷയ്ക്ക് പകരം ബദൽമാർഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഓൺലൈൻ പരീക്ഷയുടെയോ, ഇന്റേണൽ വിലയിരുത്തലിന്റെയോ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്നും ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഴുത്ത് പരീക്ഷ നടത്തുന്നതിന് പകരം ഇന്റേണൽ വിലയിരുത്തൽ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടനയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നൽകിയിട്ടില്ല. അതിനാൽ വലിയ രീതിയിൽ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും രക്ഷിതാക്കളുടെ കത്തിൽ പരാമർശിച്ചിരുന്നു. പരീക്ഷ റദ്ദാക്കുകയോ, ഓൺലൈനായി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുലക്ഷത്തോളം വിദ്യാർഥികൾ ഒപ്പിട്ട നിവേദനവും കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!