KSDLIVENEWS

Real news for everyone

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ കോഴിക്കോട്, പാലക്കാട്, വയനാട് സ്വദേശികള്‍

SHARE THIS ON

കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് സ്വദേശിയും. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്താണ് കപ്പലില്‍ കുടുങ്ങിയിട്ടുള്ളത്. ശ്യാനാഥ് അടക്കം മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്‌. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. ശ്യംനാഥിനെ കൂടാതെ പാലക്കാട് സ്വദേശി സുമേഷും വയനാട്ടുകാരനായ പി.വി.ധനേഷുമാണ് കപ്പലിലുള്ള മലയാളികള്‍.
ശ്യാംനാഥ് ലക്ഷദീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് വിരമിച്ച രാമനാട്ടുകര സ്വദേശി പി. വി. വിശ്വനാഥന്റെ മകനാണ്. ശനിയാഴ്ച ശ്യാംനാഥ് തന്നോടും ഭാര്യയോടും സംസാരിച്ചിരുന്നു. അപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിശ്വനാഥന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. കപ്പല്‍ കമ്പനിയുടെ മുംബൈയിലെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോര്‍ച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പല്‍. കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. ഏഴു മാസം മുമ്പാണ് ശ്യാംനാഥ് നാട്ടില്‍ വന്ന് പോയത്. പത്ത് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.

തേര്‍ഡ്‌ ഓഫീസറായ പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32) നാലുമാസം മുമ്പാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി.) യുടെ കപ്പലില്‍ ജോലിക്ക് കയറിയത്. രണ്ടുമാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു. 10 വര്‍ഷംമുമ്പ് മധുരയിലുള്ള മര്‍ച്ചന്റ് നേവി കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയായിരുന്നു ജോലിയില്‍ പ്രവേശിച്ചത്.

കപ്പലിലെ സെക്കന്‍ഡ് ഓഫീസറായ പി.വി. ധനേഷ് വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് സ്വദേശിയാണ്. രണ്ടുമാസം പ്രായമായ മകളെ ആദ്യമായി കാണാന്‍ എത്താനിരിക്കെയാണ് ധനേഷ് ഇറാന്‍ സേനയുടെ പിടിയിലായത്. കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ട് ചടങ്ങ് ധനേഷ് വന്നിട്ട് നടത്താനിരിക്കുകയായിരുന്നു വീട്ടുകാര്‍. എട്ടുമാസം മുമ്പാണ് ധനേഷ് വീട്ടില്‍നിന്ന് പോയത്. നോട്ടിക്കല്‍ സയന്‍സില്‍ ഡിപ്ലോമ നേടിയ ധനേഷ് 2009-മുതല്‍ വിവിധ കപ്പലുകളില്‍ ജോലി ചെയ്തുവരുകയാണ്. 2020-മുതല്‍ എം.എസ്.സി.ഐറിസില്‍ സെക്കന്‍ഡ് ഓഫീസറായി ജോലിയില്‍ കയറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!